Friday, 30 December 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 08വീണ്ടും ചില ആരോഗ്യചിന്തകൾ - 5 (ലേഖനം)
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

വണ്ടിപ്പണി ഒരു തെണ്ടിപ്പണിയാണ്. കാർ, ടെമ്പോ, ഓട്ടോറിക്ഷ, ബസ്സ്, ലോറി എന്നൊന്നുമില്ല...
ഞങ്ങൾ, ഡ്രൈവർമാരുടെയെല്ലാമുള്ളൊരു ചൊല്ലാണിത്. കാലത്തു വീട്ടിൽ നിന്നുമിറങ്ങിയാൽ രാത്രി വളരെ വൈകുംവരെ ഓടിയാലും കിട്ടുന്ന കാശ് യാതൊന്നിനും തികയില്ല. അതിനിടയ്ക്കു മനുഷ്യന്റെ പൂട്ടെല്ല് (ജോയിന്റുകൾ അഥവാ സന്ധികൾ) സർവതും ഇളകിയിട്ടുമുണ്ടാകും.
കൈ നിറയെ കാശു കിട്ടിയാൽപ്പോലും അന്നന്നത്തെ മെയിന്റനൻസിനു തികയില്ല. ഡീസലാണെങ്കിൽ ഡീസൽ, അല്ലെങ്കിൽ പെട്രോൾ, വണ്ടിയുടെ പേരിലുള്ള ബാങ്കുലോൺ, പലിശക്കാരനുള്ള വിഹിതം, ചിട്ടിയിലേയ്ക്കുള്ള തിരിച്ചടവ് എന്നതൊക്കെ കിഴിച്ചാൽ വീട്ടാവശ്യത്തിനു ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നും വരും. ഇതെല്ലാം വീഴ്‌ചയില്ലാതെ കൊണ്ടുപോകാമെങ്കിൽത്തന്നെ വർഷാവർഷമുള്ള രജിസ്‌ട്രേഷൻ (ബുക്കും പേപ്പറും) പുതുക്കൽ... അതൊരു കടമ്പയാണ്.
ഓരോ കൊല്ലവും വാഹനത്തിന്റെ ഇൻഷ്വറൻസ് തുക കൂടിക്കൊണ്ടിരിയ്ക്കും. (നഷ്ടപരിഹാരത്തുക ഓരോ വർഷവും ആനുപാതികമായി കുറഞ്ഞുകൊണ്ടിരിയ്ക്കും എന്നൊരു മാജിക്കും ഇൻഷ്വറൻസിനു സ്വന്തം!) അതിനു ബ്ലേയ്ഡുകാരന്റെ മുന്നിൽച്ചെന്നു പ്രത്യേകം ഇളിച്ചുനിൽക്കുക തന്നെ വേണം. അല്ലെങ്കിൽ കെട്ടുതാലിയേ ശരണം! ഇന്നു വാങ്ങിയ വാഹനത്തിനും ആ നിമിഷം മുതൽ വിലയും കുറഞ്ഞുകൊണ്ടിരിയ്ക്കും.
ഈ വക വേലിക്കെട്ടു മനസ്സിൽച്ചുമന്ന് അന്തിയ്ക്കു കൂടണഞ്ഞാൽ... നാളത്തെ അത്യാവശ്യങ്ങളല്ലാതെ, ടീവിയിലെ സീരിയലൊഴിഞ്ഞ നേരത്തു ‘പൊണ്ടാട്ടി’യുടെ വായിൽ നിന്നു മറ്റൊരു ജപവും കീർത്തനവും കേൾക്കാറില്ല. അതിനു മാത്രമൊരു മറവിയുമില്ല, സമയക്കുറവുമില്ല.
അന്നു പതിവിലും വൈകിയാണ് എത്തിയത്. എണ്ണ തേച്ചു കുളിച്ചു. അത്താഴം കഴിഞ്ഞു പത്രവായനയുണ്ടായില്ല, കിടന്നു. കാലത്ത് ആറുമണിയ്ക്കു തന്നെ രാമയ്യൻ കൊയ്യാൻ വരും, മുണ്ടകപ്പാടത്ത്. ആദ്യം നമ്മുടെ കൊയ്ത്തും മെതിയും കഴിഞ്ഞിട്ടേ മറ്റു പണികളുള്ളൂവെന്ന് ഉറപ്പു തന്നിട്ടുണ്ട്. മറ്റന്നാൾ വാഴേക്കാവിൽ അമ്പലത്തിൽ മകരപ്പത്ത് ഉത്സവമാണ്. അന്നേദിവസവും അടുത്ത ദിവസവും കൊയ്‌ത്തു നടക്കില്ല.
രാമയ്യൻ തമിഴ്‌നാട്ടുകാരനാണ്. തൊഴിലന്വേഷിച്ചു കേരളത്തിൽ വന്ന അനേകം തമിഴരിലൊരാൾ. കഠിനാദ്ധ്വാനം കൊണ്ടും സത്യസന്ധത കൊണ്ടും ഇന്നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി. മണ്ണിന്റേയും വിത്തിന്റേയും പൊരുളറിയുന്ന രാമയ്യനു കൃഷിപ്പണി ജീവാധാരമാണ്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മുണ്ടകപ്പാടത്ത് ആരുടെയെങ്കിലും ഒരൊടി നിലം പണിയാതെ കിടക്കുന്നുണ്ടെങ്കിൽ അടുത്ത വെളുപ്പിനു രാമയ്യൻ ഉടമസ്ഥന്റെ വീട്ടിലെത്തും.
“നീങ്ക പണിയണില്ലെങ്കെ നാൻ സെയ്യട്ടാ?” തമിഴ് കലർന്ന മലയാളവസനം.
ഇന്നത്തെക്കാലത്തു കൃഷിപ്പണികൊണ്ടു യാതൊരു കാര്യവുമില്ലെന്ന ഉടമസ്ഥന്റെ നിലപാടിനോടു രാമയ്യൻ തിരിച്ചടിയ്ക്കും:
“കേരളം നെറയാ ടറസ് വീട്. റോട്ടിലു മുഴുസാ കാറും ബസ്സും മോട്ടർസൈക്കിളും ഇറുക്ക്. കൊഞ്ചം പഠിച്ചവരുക്കും റൊമ്പം പഠിച്ചവർക്കും ഫോണും കമ്പൂട്ടറും പോതും. അതുക്കു മുന്നാടി വേല സെയ്യാമെ ഇരിപ്പേൻ. ആനാൽ കിറിഷിപ്പണി വേണ്ടാം. സുഹമാണ വേല പോതും. മീതിയുള്ളവങ്ക ദുബായിക്കും പോയാച്ച്. അരിസി സാപ്പിടാമ എവനുക്കാവത് പൊഴയ്ക്ക മുടിയുമാ, സേട്ടാ?”
കുറേശ്ശെക്കുറേശ്ശെയായി തുടങ്ങിയ രാമയ്യൻ മുണ്ടകപ്പാടത്തെ ആയിരത്തിൽക്കൂടുതൽ ഏക്കറിൽ സ്വന്തമായി കൃഷിയിറക്കി. രാമനാഥപുരം ജില്ലയിൽ നിന്നു തമിഴരെ കൊണ്ടുവന്നു പണിയെടുപ്പിച്ചു. കൊയ്തെടുത്ത കറ്റകൾ പാടത്തു തന്നെ മെതിച്ചു. നെല്ലും വൈക്കോലും അവിടെത്തന്നെ വിലയുറപ്പിച്ചു വില്പന നടത്തി. രാമയ്യൻ തന്നെ വണ്ടികൾ വിളിച്ചുകൊണ്ടുവന്ന് എത്തേണ്ടിടത്ത് എത്തിച്ചുകൊടുത്തു. ഇതിനിടയ്ക്ക് ആർക്കെങ്കിലും കൊയ്‌ത്തും മറ്റു പണികളുമുണ്ടെങ്കിൽ അതും ആളെ നിറുത്തി നിവർത്തിച്ചു. ന്യായമായ കൂലി പണിക്കാർക്കു കൊടുത്തു. ദീപാവലിയ്ക്കും പൊങ്കലിനും തമിഴ് വർഷപ്പിറപ്പിനും രാമയ്യൻ പണിക്കാർക്ക് അവധി കൊടുത്തു, നിർബന്ധമായി നാട്ടിലേയ്ക്കയച്ചു.
വാക്കിനും തൊഴിലിനും രാമയ്യൻ പൊന്നിന്റെ വില കൊടുത്തു. പൊലിയളന്ന നെല്ലാണ്, രാമയ്യനു പൊന്ന്! ലാഭത്തിലൊരു വീതം ഉടമസ്ഥനും കൊടുത്തു. ആറുമണിയെന്നു പറഞ്ഞാൽ അഞ്ചേമുക്കാലിനു തന്നെ രാമയ്യൻ തയ്യാർ. അതിനെന്തെങ്കിലും നിവൃത്തികേടുണ്ടെങ്കിൽ തലേദിവസം അന്തിയ്ക്കു മുൻപേ അറിയിച്ചിട്ടേ രാമയ്യൻ അത്താഴം കഴിയ്ക്കൂ.
സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞു. തലയണയ്ക്കരികെ സൈലന്റിലുള്ള ഫോൺ പ്രകാശമാനം തിറമ്പിത്തിരിഞ്ഞു. ഉറക്കമുണർന്നെങ്കിലും, മരം കയറ്റിയിറക്കിയ പകലദ്ധ്വാനത്തിന്റെ ചടവിൽ ഫോണെടുക്കാൻ അല്പം താമസിച്ചു. വിളി വന്നപ്പോൾ രാമയ്യനാണെന്നു കരുതി ഫോൺ ചെവിയിൽ ചേർത്തുവെച്ചു. മറുതലയ്ക്കൽ രാധേമ്മയായിരുന്നു, രാധേമ്മച്ചെറിയമ്മ.
“എന്തേ രാധേമ്മേ?”
“എന്താണാവോ, പാപ്പനു തീരെ വയ്യ. നീയൊന്നു വര്വോ?”
“ദാ വരുന്നു.” പിടഞ്ഞെണീറ്റായിരുന്നു മറുപടി പറഞ്ഞത്.
“വേഗം വരണം.” അവരുടെ വാക്കുകളിൽ വ്യസനമുണ്ടായിരുന്നു.
“ഭയപ്പെടണ്ടാ, ഉടനെ എത്തും.” ധൈര്യപ്പെടുത്തി.
“നീയെങ്ങിന്യാ വരുന്നത്?” അവരുടെ വീട്ടിലേയ്ക്ക് ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട്.
“നമ്മുടെ വണ്ടീല്.” മഹീന്ദ്ര മാക്സിമോ പിക്കപ്പ്. പെട്ടിവണ്ടിയെന്നൊരു കൊണച്ചിപ്പേരുണ്ട്.
“അത് വേണ്ട.”
“എന്നാൽ സിദ്ധാർത്ഥനളിയന്റെ കാറു വിളിയ്ക്കാം.”
“വേഗം വിളിച്ചു വായോ.”
പെങ്ങളുടെ ഭർത്താവായ സിദ്ധാർത്ഥനും ഡയൽ ചെയ്തു. ഉടുത്ത മുണ്ടു മാറിയുടുക്കുന്നതിനിടയിൽ അളിയനോടു വിവരം പറഞ്ഞു. അളിയന്റെ വീട്ടിലേയ്ക്ക് അഞ്ഞൂറു മീറ്ററോളം ദൂരമുണ്ട്. അങ്ങോട്ടോടുന്നതിനിടയിൽ ഷർട്ടു ധരിച്ചു. അവിടെയെത്തും മുൻപേ അളിയൻ റോഡിലേയ്ക്കു വണ്ടിയിറക്കിയിരുന്നു.
ഞങ്ങൾ ചെല്ലുമ്പോൾ സോഫയിൽ ചാരിക്കിടന്നു മോഹനപ്പാപ്പൻ കരയുന്നുണ്ട്. എന്തിനാ പാപ്പൻ കരയുന്നതെന്നു ഞങ്ങൾ രണ്ടുപേരും ചോദിച്ചു. പ്രത്യേകിച്ചു മറുപടിയൊന്നും കിട്ടിയില്ല. തൊണ്ടയിൽ കഫം കുറുകിയ ശബ്ദം കരച്ചിലിനൊപ്പം കേൾക്കാമായിരുന്നു. വയ്യെന്നുണ്ടെങ്കിൽ നമുക്ക് ആശുപത്രിയിലേയ്ക്കു പോകാമെന്നു പറഞ്ഞതിനും പ്രതികരണമുണ്ടായില്ല. ഇരുഭാഗത്തുനിന്നും ഞങ്ങൾ പാപ്പനെ പിടിച്ചു കാറിൽക്കയറ്റി. പാപ്പന്റെ കൈ പിടിച്ചുകൊണ്ടു രാധേമ്മ പിൻസീറ്റിലിരുന്നു.
അരക്കിലോമീറ്റർ ദൂരമേയുള്ളൂ, തൃശൂർ-ഗുരുവായൂർ സംസ്ഥാനപാതയിലേയ്ക്ക്. അങ്ങോട്ടു പ്രവേശിയ്ക്കുന്നിടത്തു കരിമ്പനത്തറ സമുദായം വക പന്തൽപണികൾ നടക്കുന്നു. വഴിയടഞ്ഞുകിടന്നു. അളിയൻ സമുദായക്കാരോട് അവസ്ഥ വിവരിച്ചു. പക്ഷേ, എടുത്തുമാറ്റാവുന്ന സ്ഥിതിയിലല്ല, കാര്യങ്ങൾ. അയൽക്കാരും നാട്ടുകാരുമായ ചെറുപ്പക്കാർ; അവരെല്ലാവർക്കും വിഷമമായി. വണ്ടി പിറകോട്ടു കുറച്ചുദൂരം കൊണ്ടുപോയി, തിരിച്ചു.
അരക്കിലോമീറ്റർ ദൂരത്തിന് മൂന്നു കിലോമീറ്ററോളം ദുർഘടം പിടിച്ച വളഞ്ഞ വഴി സഞ്ചരിച്ചു പ്രധാനപാതയിലെത്തി. അവിടെ നിന്നു രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ, ചൂണ്ടൽ ആശുപത്രിയായി. അവിടേയ്ക്കുള്ള വഴിയിൽ നിന്നു മാറി സഞ്ചരിയ്ക്കുന്നതു കണ്ടപ്പോഴാണ്, ‘എമർജൻസി നമുക്ക് ഇവിടെപ്പോയാൽ മതിയില്ലേ’യെന്നു ചോദിച്ചത്.
‘കിഡ്നി സംബന്ധമായ അസുഖത്തിന് അമല ആശുപത്രിയിൽ നിന്നുള്ള ചികിത്സയുണ്ട്. ഡയാലിസിസ് ചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞിട്ടുണ്ടായിരുന്നു. അവിടത്തെ റിപ്പോർട്ടുകളെല്ലാം എടുത്തിട്ടുണ്ട്. നമുക്ക് അങ്ങോട്ടു പോവാം...” രാധേമ്മ ദയനീയമായി പറഞ്ഞു.
“അത് മെഡിക്കൽ കോളേജ് ആസ്പത്രിയാണ്. അവിടെ ഏതു സമയത്തും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുണ്ട്,” അളിയൻ ധൈര്യപ്പെടുത്തി.
കാർ അമിതവേഗത്തിലാണു സഞ്ചരിച്ചിരുന്നത്. ഏകദേശം നാലഞ്ചു കിലോമീറ്റർ പിന്നിട്ട്, ചൂണ്ടൽപ്പാടം കഴിഞ്ഞപ്പോൾ രാധേമ്മ പരിഭ്രമപ്പെട്ടു:
“പാപ്പൻ എന്താ ഇങ്ങനെ നോക്ക്‌ണ്?” കേച്ചേരി പുഴയ്ക്കിക്കരെ വണ്ടി നിർത്തി. അപ്പോഴേയ്ക്കു പാപ്പൻ അവരുടെ പിടിയിൽ നിന്നു കുഴഞ്ഞ്, താഴേയ്ക്ക് ഊർന്നു കഴിഞ്ഞിരുന്നു...
ഞങ്ങൾ മൂവരും ചേർന്നു താങ്ങി സീറ്റിൽക്കിടത്തി. കൈ പിടിച്ചു നാഡി പരിശോധിച്ചു. പന്തികേടനുഭവപ്പെട്ടു. കണ്ണു പിടിച്ചുനോക്കി. ഇരുകൈകൾ കൊണ്ടും നെഞ്ചിൽ ശക്തമായി, തുടർച്ചയായി അമർത്തി. കാറിന്റെ സീറ്റിൽ കിടക്കുകയാൽ ഫലപ്രദമായി ശുശ്രൂഷ നൽകാൻ സാധിയ്ക്കുന്നില്ലായിരുന്നു. പാപ്പന്റെ തലയ്ക്കരികിൽ ഭയചകിതയായി നോക്കിയിരിക്കുന്ന രാധേമ്മയോടു ചോദിച്ചു:
“നിങ്ങൾക്ക് ശ്വാസം കൊടുക്കാമോ?”
അവർ കൂടുതൽ പരിഭ്രാന്തപ്പെട്ടു മിഴിച്ചു!
“അളിയാ, നമുക്കു പാപ്പനെ വണ്ടിയിൽ നിന്നു പുറത്തേയ്ക്ക് ഇറക്കിക്കിടത്താം. എങ്കിലേ ഫസ്റ്റ് എയ്ഡ് ചെയ്യാൻ സാധിയ്ക്കുള്ളൂ.”
“നിങ്ങൾ പാപ്പനെ പിടിച്ചിരുന്നോ. അഞ്ചുമിനിറ്റിനകം ഞാൻ അമലയിലെത്തിയ്ക്കാം.” സിദ്ധാർത്ഥനളിയൻ അതു പറയുകയും, ഓടിച്ചെന്നു വണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു.
ഹെഡ്‌ലൈറ്റുകൾ മിന്നിച്ച്, വിടാതെ ഹോൺ മുഴക്കി വാഹനം അതിവേഗം പാഞ്ഞു. നെഞ്ചിൽ ചാരിക്കിടക്കുന്ന മോഹനപ്പാപ്പൻ കൈയിൽ നിന്ന് ഊർന്നുപോകുകയായിരുന്നു. അദ്ദേഹത്തെ കൂട്ടിപ്പിടിച്ച്, ഇരുകൈകളും ചുരുട്ടിയ മുഷ്ടികൊണ്ടു ശക്തമായി നെഞ്ചിൽ അമർത്തിക്കൊടുത്തു...
മഴുവഞ്ചേരി മഹാദേവക്ഷേത്രം കടന്നതും, അതു സംഭവിച്ചു...
രാധേമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം ചോർന്നുപോയി... (ഇന്നും എനിയ്ക്കവരെ അഭിമുഖം കാണാൻ വയ്യ.) എന്തെങ്കിലും പറയാനോ സൂചന നൽകാനോ അന്നേരം തോന്നിയില്ല. മാറോടു ചേർത്തിരിയ്ക്കുന്ന പാപ്പനെ കൈവിടാനും മനസ്സുവന്നില്ല. കൂട്ടിപ്പിടിച്ചുകൊണ്ടു തന്നെ തുടർച്ചയായി, പരമാവധി ശക്തമായി നെഞ്ചമർത്തിക്കൊണ്ടിരുന്നു...
പറഞ്ഞ സമയത്തിനു മുൻപേ സിദ്ധാർത്ഥനളിയൻ അമലയിൽ എത്തിച്ചു തന്നു. ഹോൺ മുഴക്കിയെത്തിയ കാർ ആശുപത്രിയുടെ പോർച്ചിൽ നിന്നതും, സന്നദ്ധരായി നിന്നിരുന്ന അറ്റന്റർമാരും സെക്യൂരിറ്റി ജീവനക്കാരും സ്‌ട്രെച്ചറിലേയ്ക്കു മാറ്റിക്കിടത്തിക്കൊണ്ട് ഓടി.
രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞില്ല, ഒരു ഡോക്ടർ ചോദിച്ചു: “നിങ്ങൾ ആരൊക്കെയാണ്?”
“ഇതു ഭാര്യയാണ്. ഇതു ജ്യേഷ്ഠന്റെ മകൻ. ഞാൻ ജ്യേഷ്ഠന്റെ മകളുടെ ഭർത്താവ്.” അളിയനാണു മറുപടി പറഞ്ഞത്.
“മകൻ മാത്രം ഇവിടെ നിൽക്കട്ടെ. നിങ്ങൾ പുറത്തുപോകണം.”
രാധേമ്മയും അളിയനും പുറത്തേയ്ക്കു കടന്നപ്പോൾ ഡോക്ടർ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു, “ആള് മരിച്ചുകഴിഞ്ഞു.”
“ഉവ്വ് ഡോക്ടർ. യന്ത്രസഹായത്താലും മറ്റും നമുക്ക് എന്തെങ്കിലും സാധിയ്ക്കില്ലേ?”
“ഒരഞ്ചു മിനിറ്റു മുമ്പെങ്കിലും എത്തിച്ചിരുന്നെങ്കിൽ നമുക്കതിനു കഴിയുമായിരുന്നു.”
അതു കേട്ടതും ഉള്ളു തേങ്ങി.
“വേറെ ഒരു വഴിയുമില്ലേ, ഡോക്ടർ...” നിസ്സഹായനായിപ്പോകുന്ന മനുഷ്യന്റെ യാചന.
“ദൈവത്തിന്റെ നിശ്ചയം നടന്നുകഴിഞ്ഞു. ഇനിയൊന്നും നമുക്കാവില്ല...”
പാപ്പന്റെ മുഖത്തേയ്ക്കു നോക്കിനിന്നപ്പോൾ സങ്കടം അണപൊട്ടി. ‘ഇതിനായിരുന്നോ എന്നെ വിളിച്ചത്...’
പാഴ്‌വേലയായിത്തീർന്ന ശ്രമം നിരാശയുണ്ടാക്കി.
എവിടെയാണു ഞങ്ങൾക്ക് അഞ്ചുമിനിറ്റു നഷ്ടപ്പെട്ടത്... തിരഞ്ഞുനോക്കി...
നടക്കുകയായിരുന്നില്ല. ഓടുന്നതിനിടയിലാണു ഷർട്ടു ധരിച്ചത്.
അപ്പോഴേയ്ക്കു കാർ റോഡിലെത്തിയിരുന്നു.
പൂരസമുദായക്കാരുടെ വഴി മുടക്കിയുള്ള പന്തൽ പണി...
പ്രയാസപ്പെട്ടുള്ള മടക്കയാത്ര...
അടുത്തുള്ള ആശുപത്രിയെ ഒഴിവാക്കിയ അബദ്ധം...
കൃത്രിമശ്വാസം നൽകാൻ കഴിയാതിരുന്നത്...
നാലാമത്തെ മിനിറ്റിലല്ലേ, എത്തിയത്...
എത്രയോ തവണ ഇവർ ആശുപത്രിയിൽ പോയിരിയ്ക്കുന്നു!
ഇതിനിടയ്ക്ക് ഒരിയ്ക്കൽപ്പോലും സഹായമഭ്യർത്ഥിച്ചു വിളിച്ചിട്ടില്ല.
ഇപ്പോളെന്നിട്ട്... എന്തു സഹായമാണു ചെയ്യാൻ കഴിഞ്ഞത്!
മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞതിനു ശേഷം രാധേമ്മ പറഞ്ഞു:
“മകനുണ്ടെങ്കിലും, പാപ്പന്റെ അവസാനത്തിൽ ഒപ്പം നിൽക്കാൻ നിനക്കായിരിയ്ക്കും വെച്ചിട്ടുണ്ടാവുക...”
ആഘോഷക്കമ്മറ്റിക്കാർ വന്നു. ‘ഞങ്ങൾ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ലെ’ന്നു ക്ഷമാപണം നടത്തി. നിഷ്‌കളങ്കമായ അവരുടെ ആശ്വാസവാക്കുകൾ, ഇനിയും ആശ്വാസമായില്ല. ഒരു ചിതയായി പാപ്പൻ എരിഞ്ഞടങ്ങിയെങ്കിലും അണയാതൊരു കുറ്റബോധം വീർപ്പടക്കിക്കിടന്നു.
കുറിപ്പ്: ആഘോഷങ്ങളും ഹർത്താലുകളും പ്രതിഷേധങ്ങളും ജീവിതത്തിലെ നിത്യപരിചിതമുഖങ്ങളായിത്തീർന്നു. പക്ഷേ, അതൊരിയ്ക്കലും അപരനു പ്രയാസമുണ്ടാക്കുന്ന മാർഗതടസ്സങ്ങൾ ഏർപ്പെടുത്തിക്കൊണ്ടായിരിയ്ക്കരുതെന്ന അഭ്യർത്ഥന, ഒരു നിസ്സഹായന്റേതാണ്.

_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________