Wednesday, 4 January 2017

ബ്ലോഗെഴുത്തുലോകം വാരം 004 രചന 09വേദാരണ്യം അദ്ധ്യായം 19: അന്നലക്ഷ്‌മി (നോവൽ)
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

തമ്പുരാട്ടി അകത്തേയ്ക്കു പ്രവേശിച്ചു.
ചാത്തപ്പൻ ശങ്കിച്ചു നിന്നു. ശരീരത്തിനാകമാനം ഒരു ഉയിരെഴുന്ന പോലെ... ഒപ്പം ഒരു വിറയലും വന്നു ചേർന്നു. ഹൃദയം തുടിച്ചു കൂടി. ശ്വാസം മന്ദഗതിയിൽ തിങ്ങി. തൊണ്ട വരളുന്ന പോലെയും തോന്നി. ഏതോ ഒരുൾപ്രേരണ മുന്നോട്ടു നയിച്ചപ്പോൾ ഒത്തി ഒറ്റടി വെച്ചു, അകത്തേയ്ക്ക്...
തമ്പുരാട്ടി നിൽക്കുന്നതു കണ്ട് ചാത്തപ്പൻ കടക്കോരത്തു നിന്നു. പതിവില്ലാതെ മായം കളിയ്ക്കുന്നതു കണ്ട് തമ്പുരാട്ടി തല തിരിച്ചു പിന്നാക്കം നോക്കി. ചാത്തപ്പൻ ചെറ്റമറ പരതി...
എന്താ അവിടെ നോക്ക്‌ണ്?”
ങു ഹും...” മുഖത്തേയ്ക്കു നോക്കാൻ മടിച്ച് അവിടെത്തന്നെ നിന്നു പരുങ്ങി.
വയ്യാ ന്ന് ച്ചാ വന്ന് കിടന്നോളൂ” തമ്പുരാട്ടി മന്ദഹസിച്ചു.
“...” ചാത്തപ്പൻ അനുസരണ ഭാവിച്ചു.
നിൽക്കൂ, ഞാൻ പിടിയ്ക്കാം.” തമ്പുരാട്ടി ഒപ്പമെത്തി പിടിച്ചു.
വേണ്ട.” ചാത്തപ്പൻ വെറും വാക്ക് പറഞ്ഞു.
തമ്പുരാട്ടി വന്നു തോളു കൊടുത്തു പിടിച്ചപ്പോൾ ഒട്ടൊന്നു പെരുത്തു. ചാത്തപ്പൻ പായിൽ കുത്തിയിരുന്ന്, അസ്വസ്ഥചിത്തം തിരിഞ്ഞു കിടന്നു.
തമ്പുരാട്ടി തോർത്തെടുത്തു തലയും മേലും തുടച്ചു. അലക്കിയുണക്കി അയലിൽ തൂക്കിയ മുണ്ട്, പുറം മറച്ചു തോളിൽ ചുറ്റി. നനഞ്ഞ വസ്ത്രം കുനിഞ്ഞു നിന്നു മാറ്റി, താറുടുത്തു. പുറം മറച്ച മേൽമുണ്ട് ഇറക്കിയുടുത്തു. മേക്കെട്ടി ചുറ്റി മുറ്റത്തിറങ്ങുമ്പോൾ വാൽക്കണ്ണെറിഞ്ഞു നോക്കി. കൈത്തണ്ട നെറ്റിയ്ക്കു വെച്ചു കള്ളം നടിച്ചുകിടക്കുകയാണെന്നു തോന്നാതിരുന്നില്ല...
പുറത്തിറങ്ങി നാലുപാടും കണ്ണോടിച്ചു. ഈറൻ തുണികൾ വെള്ളത്തിലിട്ട് ഊരിപ്പിഴിഞ്ഞു. നല്ലവണ്ണം വെയിൽ കണ്ടു വിരിച്ചു. തെങ്ങിന്റെ കടയ്ക്കൽ വീണു കിടന്നിരുന്ന പച്ച മെച്ചിങ്ങ നല്ലതു നോക്കി നാലഞ്ചെണ്ണമെടുത്തു. ഇളമയുള്ള മുഖം തൊപ്പി കളഞ്ഞു വെള്ളം തൊട്ട് അലക്കുകല്ലിൽ അമർത്തിയരച്ചു. ചേമ്പിന്റെയിലയിൽ കുഴമ്പു വടിച്ചെടുത്തുകൊണ്ടുവന്ന് നെറ്റിയ്ക്കും ചെന്നിയ്ക്കും തുടങ്ങി ദേഹമൊട്ടുക്ക് പുരട്ടിക്കൊടുത്തു.
“ഇയ്ക്കിപ്പൊ നല്ല സൊഹം തോന്നണ്‌ണ്ട്.” വേണ്ടിയിരുന്നില്ലെന്ന അർത്ഥത്തിൽ ചാത്തപ്പൻ പറഞ്ഞു.
“ഉവ്വ്, അതന്ന്യാ വേണ്ടത്. സുഖം ണ്ടെങ്കിലേയ് ഒന്നെണീറ്റിരിയ്ക്കൂ“. തമ്പുരാട്ടി ഹാസ്യം ചാലിച്ചു.
തമ്പുരാട്ടിയുടെ വിരൽസ്പർശത്തിൽ ചാത്തപ്പൻ വീണ്ടും ഉണർന്നു. അടി മുതൽ മുടി വരെ കുളിരു തഴുകി. നേരേ നോക്കാനുള്ള വിമുഖതയിൽ കണ്ണിൽ ആലസ്യം നടിച്ചു. ചടഞ്ഞു വശം ചെരിഞ്ഞ്, ആർക്കാനും വേണ്ടി ചാത്തപ്പൻ കൈയും കുത്തിയിരുന്നു.
പിൻകഴുത്തിലും തലയിലേയ്ക്കല്പം കയറിയും, പുറം മുഴുക്കെ പിറകിലിരുന്നു ലേപനമെഴുതി. എഴുന്നേറ്റു മുൻവശത്തുചെന്ന്, കഴുത്തിലും ഇരുകൈകളിലും മാറിലും കുഴമ്പിട്ടു. മുട്ടുകൾ, കണങ്കാൽ മുതൽ പാദം വരെ മൃദുലം തേച്ചുപിടിപ്പിച്ചു.
കല്പവൃക്ഷം ഉയിരെടുത്തു!
തിരി തെറുത്ത ഇളംകൂമ്പ് തളിർക്കാറ്റിളക്കി...
ഞെട്ടിലും പൂവിലും മദരസമൊളിപ്പിച്ച്, പൂക്കുല ചള്ളുകൾ1 തൊഴുതു നിന്നു.
തലമുറ-തലമുറകളായുള്ള വീര്യം പട്ടകൾ കരുത്തോടെ കുലകൾ താങ്ങി.
പുളകിതഹർഷം കുരുത്തോലത്തുമ്പുകൾ, ആടിക്കുളിർന്നെഴുന്നു നിന്നു.
വൈലിത്തറ വലം വെച്ച മകരക്കാറ്റിനു കുളിരും അനുഭൂതി പൂത്തുകയറി.
“കുളിച്ചിട്ട് കുറേ ദിവസായില്ലേ. അങ്ങനെ ഭേദമായെന്നുണ്ടെങ്കിൽ വൈകുന്നേരത്തിനു കുളിയ്ക്കാം. കുളിച്ചാൽത്തന്നെ കുറെയൊക്കെ സുഖം കിട്ടും.” നീങ്ങിയിരിയ്ക്കുമ്പോൾ തമ്പുരാട്ടി പറഞ്ഞു.
കുളിയ്ക്കാമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. കണ്ണുകൾ ചിമ്മിത്തുറന്ന് അറിയാത്തതു പോലെ മുഖത്തു നോക്കി. അതു ശ്രദ്ധിയ്ക്കാതെ തമ്പുരാട്ടി മുഖമെഴുത്തു തുടർന്നു.
മകരനിലാവിന്റെ ഉദിപ്പുമായി കണ്ണരികെ പൗർണമി തെളിഞ്ഞു. തെളിനീരിൽ മിന്നുന്ന പരൽമീനുകൾ പോൽ മുഖം മുഴുക്കെ വസൂരിക്കലകൾ തിങ്ങിക്കണ്ടു... നുരുമ്പിച്ച കരിയോലപ്പഴുതിലൂടെ മകരമാനസം ചാഞ്ഞിറങ്ങി. മൂക്കത്തു തങ്ങിയ സ്വേദകണങ്ങളിൽ വൈരക്കല്ലുകൾ മിന്നി. അതിരിലിരട്ടിയോളം മിന്നി, ചാത്തപ്പന്റെയുള്ളം!
നിശ്വാസക്കാറ്റിന്റെ ഊഷരഗന്ധം പരസ്പരം പകുത്തെടുത്തു! ഇരുവശത്തും ഹൃദയങ്ങൾ സൗഗന്ധികം ചൂടി. കണ്ടുകണ്ടങ്ങനെയിരിയ്ക്കാൻ പിന്നെയും പിന്നെയും കൊതിച്ചു. കണ്ണുകൾ കള്ളം കളിച്ചു. ഇടയ്ക്കെപ്പൊഴോ വെച്ചൊരു നോട്ടം തമ്മിൽ കൂട്ടിമുട്ടി. തലയ്ക്കൊപ്പമുയർന്ന പുരികക്കൊടിയിലൊരു കുശലം വന്നു... മധുരിതമായൊരു വാക്കുപോൽ മൗനത്തിൽ ഹൃദയസാഗരം തിരയിളക്കി... വരഞ്ഞ ചിത്രങ്ങളുള്ളിൽ നനവെഴുതി കുളിരെഴുതി സുഖമൊരുക്കി. ഹർഷോന്മാദം നുരകൾ തീരം പുൽകിപ്പുൽകിപ്പുണർന്നു... വലിഞ്ഞു തുടങ്ങിയ പീതലേപനത്തിൽ വിരൽച്ചിത്രപ്പാടുകൾ തെളിഞ്ഞു...
“നന്നായി വലിഞ്ഞതിനു ശേഷം കിടന്നാൽ മതീട്ടോ.” എഴുന്നേൽക്കാൻ നേരം തമ്പുരാട്ടി ഓർമ്മപ്പെടുത്തി.
നെഞ്ചിൽ ഇമ്പം നിറയെ നിറയെ, മിണ്ടാനും വയ്യ, മൂളാനും വയ്യ. കണ്ണുകൾ പയ്യെ ചിമ്മിച്ചിമ്മി തുറന്നു. കാതുകളിലെത്തിയ ശാസനയും പുതിയൊരു രാഗമായിത്തീർന്നു. കണ്ണോട്ടയിലൂടെ ഒഴുകിയിറങ്ങിയ വെയിൽപ്പുള്ളികളിൽ കാഴ്‌ചകൾ മേഞ്ഞുനടന്നു...
മണ്ണും പൊടിയും കുങ്കുമവും ചേർന്ന് അടിച്ചുകൂട്ടിയ ഉതിരുമണികൾ ദിനവും കണ്ടുകിടന്നു. നെല്ലു കുത്തണം. പുത്തരിയാക്കണം. ഉരലില്ല. ഉലക്കയുമില്ല. ഉള്ളതു കുറച്ചാണെങ്കിലും പുത്തരി വെച്ചുകൊടുക്കണം. വാളും ചിലമ്പും ഉണർന്നു. കുങ്കുമവർണാഭയ്ക്കു മീതെ അരമണികൾ തുളുമ്പിക്കിലുങ്ങി. കണ്ണുകൾ ഇറുകെയടച്ചുകിടന്നിട്ടും നിദ്രാദേവി കനിഞ്ഞില്ല...
ദെന്താദ് ഇങ്ങ്നെ തമ്പ്രാട്ട്യമ്മേനെ കാൺണു? മകരപ്പത്തു കഴിഞ്ഞോ ആവോ! മകരച്ചൊവ്വ കഴിഞ്ഞത് ഓർമ്മേണ്ട്. കൊട്യേറീതും പൂരം കഴ്‌ഞ്ഞത്വൊന്നും അറിഞ്ഞില്ലല്ലോ. അതിലും വല്യ പൂരല്ലേ ഇവ്‌ടെ കഴ്ഞ്ഞത്! വയ്യാണ്ട് കെടന്ന ദെവസങ്ങളു നോക്ക്യാ അതൊക്കെ കഴ്ഞ്ഞിട്ട്ണ്ടാവും. എന്നാലും ഏഴാം പൂജ കഴ്ഞ്ഞിട്ട്ണ്ടാവ്വോ? ഏയ്! അത് കഴ്ഞ്ഞ്ട്ട്ണ്ടാവില്ല!
ചാത്തപ്പൻ മനസ്സിൽ ഒത്തുനോക്കി. വാഴക്കാവിലമ്മയെ മനസ്സാ പ്രാർത്ഥിച്ച്, അന്നത്തെ രാത്രി കഴിച്ചുകൂട്ടി. നേരം വെളുക്കാനിടയില്ലാതെ, ഉള്ള ആവതിന് എഴുന്നേറ്റു. അടിച്ചുകൂട്ടി മൂലയിൽ ഒതുക്കിവെച്ചിരുന്ന നെല്ല്. മണി ഒന്നു പോലും കളയാതെ മണ്ണും പൊടിയും ചിക്കി നീക്കി.
അതിലൊരു പിടിയെടുത്തു കൈത്തഴമ്പിൽ നിലത്തിട്ടു പതിച്ചു തല്ലി. ഉണങ്ങിയുറങ്ങിയ വിത്തൊഴിഞ്ഞ്, ഉമി നിരങ്ങി. കുറേശ്ശെക്കുറേശ്ശെയായി എടുത്ത്, ചിരട്ടയിലിട്ടു തിരങ്ങി2യപ്പോൾ എളുപ്പം പണി നീങ്ങി. തെള്ളിത്തുളുമ്പിയ അരിമണികൾ ഉമി ഊതിമാറ്റി കുടുക്കയിലാക്കിക്കൊടുത്തു.
ഉരലും ഉലക്കയുമില്ലാതെ കരവിരുതിൽ നെല്ലുകുത്തി ഉമി മാറ്റി അരിയെടുക്കുന്ന വിദ്യ കൗതുകത്തോടെ നോക്കിയിരുന്ന തമ്പുരാട്ടി പിടഞ്ഞെഴുന്നേറ്റു.
പുനർജന്മത്തിലെ ആദ്യത്തെ അന്നം!
ഹൃദയം, കുടുക്ക ചേർത്തുപിടിച്ചു...
നിറമനസ്സിൽ ഭഗവൽസ്തുതിയുണർന്നു:
*ഹരിർദ്ദാതാ ഹരിർഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിർവിപ്രഃ ശരീരസ്തു
ഭുങ് തേ ഭോജയതേ ഹരിഃ
പ്രാർത്ഥനാനന്തരം മുട്ടുകുത്തി. ശിരസ്സു മുന്നോട്ടു കുനിഞ്ഞു. പാദങ്ങൾ തൊട്ടു നമസ്കരിച്ചു. തമ്പുരാട്ടി അന്നം സ്വീകരിച്ചു.
കൈകാൽ മുഖം ശുദ്ധി വരുത്തി, അടുപ്പത്തു കലം വെച്ചു. കിട്ടിയതിൽ പാതി മാറ്റി വെച്ചു. ബാക്കിയുള്ളതു കഴുകിയെടുത്തു. കാഞ്ഞ വെള്ളത്തിൽ വീണ്ടും കഴുകി അരി അടുപ്പത്തിട്ടു. അകം അടിച്ചു തെളിച്ചു. പെരുമാറുന്ന പാത്രങ്ങൾ കഴുകി വെച്ചു.
ഉച്ചയാവും വരെ കാത്തുനിന്നില്ല. തടുക്കു വിരിച്ചു. വെള്ളം തളിച്ചു കിണ്ണം വെച്ചു. കിണ്ണത്തിൽ ചൂടോടെ കഞ്ഞി പകർന്നു. വലതു വശത്തു ചമ്മന്തിയ്ക്കൊപ്പം കാവത്തു ചുട്ടു വെച്ചു. ഇടതുവശത്തു ലോട്ടയിൽ വെള്ളം വെച്ച് കഞ്ഞി കുടിയ്ക്കാൻ ക്ഷണിച്ചു.
കൈ കഴുകാൻ വെള്ളം കൊടുത്തു. എറാലിയ്ക്കൽ പോയി കൈ കഴുകി. കിണ്ണം നിറയെ വിളമ്പി വെച്ച കഞ്ഞി കണ്ട് ചാത്തപ്പൻ അന്ധാളിച്ചു...
“മടിയ്ക്കണ്ട, കഴിച്ചോളൂ.” തമ്പുരാട്ടി വീണ്ടും ക്ഷണിച്ചു.
“ഇതപ്പട്യാ?” മുഴുവനും കുടിയ്ക്കാനാവില്ലെന്നു ചാത്തപ്പൻ ഇടന്താളിച്ചു3.
“ബാക്ക്യായാലും വിരോധം‌ല്യ.” തമ്പുരാട്ടി മനസ്സു വെളിപ്പെടുത്തി.
“ഇന്നെക്കൊണ്ടാവില്ല. ഇയ്ക്ക് കൊറച്ച് മതി.” ചാത്തപ്പൻ പിന്നെയും സങ്കോചിച്ചു. “ഇത് രണ്ടാൾക്ക് കുടിക്ക്യാന്ള്ള കഞ്ഞീണ്ട്. ഇതപ്പടി ഞാനെങ്ങന്യാ കുടിക്ക്യാ...”
തൊട്ട് എച്ചിൽ പെടുത്താൻ മനസ്സു വന്നില്ല. ചാത്തപ്പൻ മാറി നിന്നു. വരുന്നില്ല, കുടിയ്ക്കുന്നില്ലെന്നു കണ്ട് തമ്പുരാട്ടി അന്നത്തിനടുത്തിരുന്നു.
“വരൂ. ഇങ്ങോട്ടിരിയ്ക്കൂ.” തമ്പുരാട്ടി സ്നേഹപൂർവം വിളിച്ചു.
ചാത്തപ്പനൊന്നു ചിണുങ്ങിച്ചുങ്ങി. മുടക്കു പറയുവാൻ ത്രാണിയില്ലാതെ ഒതുങ്ങിയിരുന്നു കഞ്ഞി കുടിച്ചു. കുടിയ്ക്കുന്നതിനൊപ്പം കഞ്ഞി തമ്പുരാട്ടി കിണ്ണത്തിലേയ്ക്കു പകർന്നു. ചാത്തപ്പൻ പിന്നെയും ചിണുങ്ങി. മുൻപെങ്ങും രുചിച്ചിട്ടില്ലാത്തത്ര സ്വാദോടെ മുക്കാൽ വാശി4 കഞ്ഞി കുടിച്ചു. അതിനും മീതെ കുടിയ്ക്കാൻ വയ്യാതെ വീർപ്പുമുട്ടി നോക്കി, ദയനീയം.
“മതിയെങ്കിൽ എഴുന്നേറ്റോളൂ.” മന്ദസ്മിതത്തിൽ തമ്പുരാട്ടി സാന്ത്വനപ്പെടുത്തി.
ചാത്തപ്പൻ എഴുന്നേറ്റു. തമ്പുരാട്ടി ഒപ്പം ചെന്നു. ഉമ്മറത്തരികിൽ കൊണ്ടുവന്നു വെച്ചിരുന്ന വെള്ളം മുക്കിക്കൊടുത്തു. ആദ്യമൊന്നു മടിച്ചുനിന്നെങ്കിലും ചാത്തപ്പൻ വാങ്ങി കൈ കഴുകി. വാ കഴുകി കുലുക്കുഴിഞ്ഞു. മുറ്റത്തിറങ്ങി അകലേയ്ക്കു നീട്ടിത്തുപ്പി. കൈ തുടയ്ക്കാൻ മുണ്ടു കൊടുത്തു. അതിനും അറച്ചു നിന്നു. ആട്ടും തുപ്പും മാത്രം ലഭിച്ചിട്ടുള്ള അടിയാളർജീവിതത്തിൽ കിട്ടിയതു തിന്നു, കണ്ടയിടത്തു കിടന്നു. അതാണു ശീലം!
വെള്ളം തളിച്ച് കരടൊതുക്കി, തമ്പുരാട്ടി പായ വിരിച്ചു. ചാത്തപ്പൻ വീണ്ടും കിടന്നു. കൈകാൽ മുഖം കഴുകിവന്ന തമ്പുരാട്ടി അയയിലെ മുണ്ടുകൊണ്ടു മുഖം തുടച്ചു. തടുക്കിൽ കാലൊതുക്കിവെച്ച്, ചാത്തപ്പന്റെ കിണ്ണമെടുത്തു കഞ്ഞി കുടിയ്ക്കാനിരുന്നു. ആദ്യത്തെ പ്ലാവില കോരി:
പ്രാണായ സ്വാഹ
അപാനായ സ്വാഹ
സമാനായ സ്വാഹ
വ്യനായ സ്വാഹ
ഉദാനായ സ്വാഹ
അഞ്ചുവട്ടം ചൊല്ലി. നിറമനസ്സോടെ കവിൾകൊണ്ടു.
കർക്കിടകത്തിൽ, പെരുമഴയ്ക്കു മുൻപെ ദീനം പിടിച്ചതായിരുന്നു. ആറേഴുമാസമായി അരിഭക്ഷണം കഴിച്ചിട്ടില്ലെന്നോർത്തു. ഓരോ കവിൾ എടുക്കുമ്പോഴും തൃപ്പുത്തരിയേക്കാൾ സ്വാദുള്ളതായിത്തോന്നി! കുറച്ചാണെങ്കിലും, ഉള്ളത് മനം നിറച്ചു കഴിച്ചു.
അകത്ത്, മൂലയ്ക്കലും അടുപ്പിന്റെ കണ്ണിയ്ക്കലും ഒതുക്കിയിട്ട അടിക്കാട് കോരിയെടുത്തു തെങ്ങിന്റെ കടയ്ക്കലിട്ടു. പാത്രങ്ങളെല്ലാമെടുത്തു കഴുകി വാരെ വെച്ചു5. തെക്കേ ഓരം വിട്ട്, തമ്പുരാട്ടി പായ വിരിച്ചു. മലർന്നു കൈ നീട്ടിയാൽ ഒന്നു തൊടാവുന്ന ദൂരം! അങ്ങോട്ടുമിങ്ങോട്ടും നോക്കിയില്ല. യാതൊന്നും ഉരിയാടിയതുമില്ല. മറുവശത്തേയ്ക്കു തല ചെരിച്ചു കിടന്നു. എന്നിട്ടുമേതോ മധുരിതരാഗങ്ങൾ അളയുണർന്നു പാടി, മൗനം!
വിളിയ്ക്കണോ... മിണ്ടണോ...
കാതുണർന്നു കിടന്നു...
ശ്വാസമൊഴുകുന്നതു പോലും കേട്ടില്ല.
എന്തെങ്കിലുമൊന്നു മിണ്ടിയിരുന്നെങ്കിൽ!
മനം‌പോൽ തുടിച്ചു, വിരൽത്തുമ്പ്...
(തുടരും)
കുറിപ്പ്:
*ഹരിർദ്ദാതാ - ഹരിയാണു ദാതാവ്. ഹരിർഭോക്താ - ഹരിയാണു ഭോക്താവ്. ഹരിരന്നം പ്രജാപതി - ഹരി തന്നെയാണ് അന്നം, ഹരി തന്നെയാണു പ്രജാപതിയും. ഹരിർവിപ്രഃ ശരീരസ്തു - ഹരി വിപ്രന്റെ ശരീരം തന്നെയാണ്. ഭുങ് തേ ഭോജയതേ ഹരിഃ - വിളമ്പുന്നവനും ഭുജിക്കുന്നവനും ഹരി തന്നെയാണ്. (കടപ്പാട്: പനയിൽ പാഴൂർമന ശ്രീ കൃഷ്ണൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.)
1 ചള്ള് - പാകമെത്താത്തത്
2 തിരങ്ങി - നെന്മണികൾ നിലത്തിട്ട് കൈകൊണ്ട് അമർത്തി നീക്കുന്നതിനുള്ള നാടൻ പ്രയോഗം
3 ഇടന്താളിച്ചു - സങ്കോചപ്പെട്ടു, പിന്നോട്ടു നിന്നു.
4 വാശി - ഭാഗം, പങ്ക്
5 വാരെ വെച്ചു - വെള്ളം വാർന്നു പോകാൻ വെച്ചു
 
_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

_____________________________________________________________________