Wednesday, 14 December 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 06വേദാരണ്യം അദ്ധ്യായം 18: ഹൃദയവാഹിനി (നോവൽ)
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

കിടന്ന കിടപ്പിൽ ദിവസങ്ങളോളം കിടന്നു.
ദിവസങ്ങളത്രയും തമ്പുരാട്ടി കൂട്ടിരുന്നു.
ഉൾക്ഷതങ്ങളിൽ ഞരങ്ങിയും മൂളിയും അനങ്ങാൻപോലും ആവതില്ലാത്തയാളെ ഒഴിഞ്ഞുനിൽക്കാൻ മനസ്സുണ്ടായില്ല. മിഴിയനങ്ങുന്നതും മൊഴിയുണരുന്നതും കാതോർത്ത്, വിരിമാറിൽ തഴുകിത്തലോടി തമ്പുരാട്ടി നോക്കിയിരുന്നു. കാത്തിരുന്നു കാത്തിരുന്നു തളർന്നപ്പോൾ ഇടനെഞ്ചിലേയ്ക്കൊരു കൈപ്പടം കമഴ്‌ത്തി, വശം ചെരിഞ്ഞ്, കാതോർത്തു കൂട്ടുകിടന്നു.
ഈ ദിവസങ്ങളിലൊന്നും ചാത്തപ്പൻ യാതൊന്നുമറിഞ്ഞില്ല, ആവശ്യപ്പെട്ടില്ല. എങ്കിലും വരണ്ട ചുണ്ടിൽ തമ്പുരാട്ടി ഇടയ്ക്കിടെ ദാഹമൊതുക്കി. സമയാസമയങ്ങളിൽ എഴുന്നേറ്റുപോയി ചാമയരി*1 വെച്ച കഞ്ഞിവെള്ളം കോരിക്കൊടുത്തു. ചുക്കും കുരുമുളകും വെട്ടിത്തിളപ്പിച്ചു ചൂടാറ്റിക്കൊടുത്തു. തിളച്ച വെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് ആവി പിടിച്ചു.
മൂന്നാം ദിവസം ഇമയനങ്ങി. ആലസ്യമൊഴിയാതെ വേദനയിൽ ഞെരിപിരിക്കൊണ്ടു. കനത്തിൽ കിട്ടി പതിഞ്ഞു കിടന്നിരുന്നതെല്ലാം ബോധം തെളിയുന്നതിനൊപ്പം തിണർത്തുവന്നു. അതിൽപ്പിന്നെ ഉറക്കവുമില്ലാതായി. പാതി ഉറക്കത്തിലും പാതി മയക്കത്തിലും എന്തൊക്കെയോ ഇടവിട്ടു പറയുന്നുണ്ടായിരുന്നു. നല്ലവണ്ണം ചേർന്നു കിടന്നു കാതുകൊടുത്തപ്പോൾ ചിലതൊക്കെ ഊഹിയ്ക്കാനായി...
“ആരാ അവ്‌രൊക്കെ? എന്ത്‌നാ അവ്‌ര് വന്നത്?”
ചോദ്യം കേട്ടപ്പോൾ ആദ്യം കുറച്ചൊക്കെ അമ്പരപ്പു തോന്നി. ഒന്നു ഭേദമായിട്ടു വേണം ഇതൊക്കെ അങ്ങോട്ടു ചോദിയ്ക്കാനെന്നു കരുതി കാത്തിരിയ്ക്കുകയായിരുന്നു. പക്ഷേ, ഇതു കേട്ടപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി. മിഴിയിണകളിൽ മുകുളങ്ങളായി വിരിഞ്ഞടർന്ന അശ്രുപൂക്കൾ വിരൽത്തളിരിൽ തട്ടിക്കളഞ്ഞു.
ആപത്തുകളെന്തൊക്കെയോ അപശകുനങ്ങളായി കാലേകൂട്ടി കണ്ടതായിരുന്നു. ഗർഭത്തിൽ അഗ്നിയും പേറി ഇനിയുമൊരു പർവതം പുകഞ്ഞെരിഞ്ഞു നില്പുണ്ട്. പുകഞ്ഞൊടുങ്ങാം. പൊട്ടിത്തെറിയ്ക്കാം. രണ്ടിലേതായാലും ഇനി തനിച്ചൊരു ജീവിതമില്ല. കുലവും ജാതിയും ഏതായാലും ആരും മനുഷ്യനല്ലാതാകുന്നില്ല. അടിച്ചമർത്തി വെച്ചതുകൊണ്ടു മാത്രമാണീ മിണ്ടാപ്രാണികൾക്കു കരയുവാൻ പോലും ആവാത്തത്...
പടിഞ്ഞാറേ അതിരു കടക്കുമ്പോൾ പൊക്കൻ കാലൊന്നുയർത്തി കാ-ക്കാല് വെച്ചു. വേരാണോ അതോ പാമ്പാണോ? കാലിൽ ചുറ്റിപ്പിണഞ്ഞു, കമിഴ്‌ന്നടിച്ചു കല്ലിൽ വീണു.
ഇടംപുറമറിയാതെ വീണ വീഴ്‌ചയിൽ നെഞ്ചു കലങ്ങി, കണ്ണു തുറിച്ചു. പ്രാണൻ കഴിയ്ക്കാൻ പൊക്കനൊന്നു പിടഞ്ഞു. തട്ടിത്തടഞ്ഞെഴുന്നേറ്റ്, കുനിഞ്ഞുകൂടി അവിടെത്തന്നെ കുത്തിയിരുന്നു. ഇരുകൈകളും പടത്തിനു മേൽ വെച്ച് നെഞ്ഞമർത്തിത്തിരുമ്മി. സംശയനിവാരണാർത്ഥം വന്ന വഴിയ്ക്കു തിരിഞ്ഞു നോക്കി.
അവിടൊരു പാമ്പുമില്ല, ചേമ്പുമില്ല!
പിന്നെ ഇതെങ്ങനെ സംഭവിച്ചു?
‘കിള്ളിച്ചിപ്പെങ്ങടെ വീട്ട്യേ ഇന്നും ഇന്നലേം തൊട്ട് വന്ന് തൊടങ്ങീതല്ല. ഏത് പാതരയ്ക്ക് കണ്ണും ചിമ്മി വന്നാലും തെറ്റില്ല വഴി! അത്രയ്ക്കും നിശ്ചയം ണ്ട്. എന്നിട്ടെങ്ങനെ ഇത് സംഭവിച്ചു?’
ഒട്ടും വിശ്വസിയ്ക്കാനായില്ല.
മിറ്റത്തെത്തിയ പൊക്കൻ മിണ്ടാനും ശ്വാസമെടുക്കാനും വിമ്മിഷ്‌ടപ്പെട്ടു. കുടിയിരിപ്പിനുള്ളിലേയ്ക്ക് അന്യനൊരാൾ കാലുകുത്തിയത് അകത്തിരുന്നു തമ്പുരാട്ടി വീണവീഴ്‌ചയിൽ അറിഞ്ഞു. മൃദുലമായി ചാത്തപ്പനെ തൊട്ടുണർത്തിക്കൊണ്ട്, കാതോരം മുഖമമർത്തി പറഞ്ഞു:
“ആരോ വന്നേട്‌ക്കുണൂ...”
“ആരാ?” ഉള്ളിൽ ഭയമുണർന്നു, ചാത്തപ്പൻ മുഖത്തേയ്ക്കു നോക്കി മിഴിച്ചു.
“പേടിയ്ക്കാനൊന്നൂല്യ,” ധൈര്യപ്പെടുത്തിക്കൊണ്ടു തമ്പുരാട്ടി എഴുന്നേൽക്കാൻ സഹായിച്ചു. ചെറ്റമറയിൽ കൈകുത്തിഒത്തി*5 വെച്ച് ഒത്തി വെച്ച് ഉമ്മറത്തെത്തി.
ചാത്തപ്പൻ വരുമ്പോൾ പൊക്കൻ മുറ്റത്തു നെഞ്ചു തടവി നിൽപ്പുണ്ടായിരുന്നു. ഇരുവശത്തും കൈകളൂന്നി, തോളിലേയ്ക്കു തലയൊടിഞ്ഞ്, കാൽ നീട്ടി മറ ചാരിയിരുന്നു.
മാമന്റെ മുഖത്തു നോക്കിയപ്പോൾ ചാത്തപ്പന്റെ വേദന ഇരട്ടിച്ചു. ഉള്ളറഞ്ഞ വേദനയിൽ നെഞ്ഞമർത്തി പൊക്കനും സങ്കടം ചീന്തി.
“എന്തൊക്ക്യാ ഇവ്‌ടെ നടക്കണത്? നണക്ക് എന്താ പറ്റീത്? എന്താ നന്റെ മോത്തും മേത്തും*1 കാൺണതൊക്കെ?”
പൊക്കൻ അതു ചോദിച്ചപ്പോൾ ചാത്തപ്പനു സങ്കടം തികട്ടി. യാതൊന്നും മിണ്ടാൻ പറ്റിയില്ല. മൂക്കിലൂടൊറ്റിയ വ്യസനം പിഴിഞ്ഞ് ഉമ്മറത്തെറ്റിൽ തേച്ച്, താഴേയ്ക്കു തലയിട്ടിരുന്നു.
“എന്തൊക്ക്യോ ഒരു പന്തികേടുണ്ടല്ലോ, ചാത്തപ്പാ. എന്താണെങ്ങെ ഇങ്ങ്‌ട്ട് പറയ്. എന്തന്യായാലും അണക്ക് മാമൻ ണ്ട്.”
മരുമകന്റെ വ്യസനത്തിൽ ഒപ്പമുണ്ടെന്നു സാന്ത്വനപ്പെടുത്തിയ പൊക്കൻ ഇടനെഞ്ചിൽ വെന്തെരിഞ്ഞു.
“മാമൻ ഇങ്ങ്‌ട്ടിരിയ്ക്ക്യേ...” വല്ലായ്മയിലും വിനയം ചോരാതെ ചാത്തപ്പൻ പൊക്കനെ ക്ഷണിച്ചു.
അമർത്തിപ്പരത്തി കലങ്ങിയ നെഞ്ചു തിരുമ്മിനിന്ന പൊക്കന് ഒരടി മുന്നോട്ടു വെയ്ക്കാൻ സാധിച്ചില്ല. വേരിറങ്ങിയ പോലെ കാൽ രണ്ടും ഉറച്ചു നിന്നു.
‘ഇതെന്ത് മറിമായം!’ പുറത്തേയ്ക്കൊന്നും മിണ്ടിയില്ലെങ്കിലും പരിഭ്രമത്തോടെ പൊക്കൻ അകത്തേയ്ക്കു നോക്കി. ഇടത്തും വലത്തും നോക്കി. ഏതോ ഒരദൃശ്യബാധ കൂടെക്കൂടിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടു. നിൽക്കാനും വയ്യ, ഇരിയ്ക്കാനും വയ്യ! ആപൽശങ്ക ഉള്ളിലൊളിപ്പിച്ച് പൊക്കൻ മരുമകനോടു പറഞ്ഞു:
“ഞാനങ്ങ്‌ട്ട് കേർണില്യ. എന്താണെങ്ങെ നിയ്യിങ്ങട്ട് പറഞ്ഞോ.”
നാവും മനസ്സും ആരോ കൂച്ചുവിലക്കിട്ടു പൂട്ടിയ പോലെ! നടന്നതൊന്നും പെട്ടെന്ന് ഓർമ്മയിലെത്തിയില്ല. വേദനയോടെ നീറിയതെല്ലാം തൊട്ടു മുൻപു വരെ നാവിൻ തുമ്പത്തുണ്ടായിരുന്നു. ചാത്തപ്പൻ ഇടം വലം തല തിരിച്ച്, നിരാശപ്പെട്ട് അയഞ്ഞു...
“പാതര കഴ്‌ഞ്ഞിട്ട്ണ്ടാവും, ഉതിരുമണി പെറുക്കാൻ പാടത്ത് പോയതാ. കൊറേ ആൾക്കാര്ണ്ട് ഇന്നെ വളഞ്ഞു. എന്തൊക്ക്യോ ചോയ്‌ച്ചു. ഇയ്ക്കൊന്നും തിരിഞ്ഞില്യാ. പിന്നെ എന്തൊക്ക്യാ ഇണ്ടായീന്നും അറീല്ല...”
പറഞ്ഞതെല്ലാം പൊക്കൻ നെഞ്ചു തിരുമ്മി നിന്നുകൊണ്ടു കേട്ടു. കേട്ടതിലപ്പടി ‘കൊഴപ്പാണെന്നും’ ബോധ്യപ്പെട്ടു. ചാത്തപ്പനു കിട്ടിയ പ്രഹരങ്ങൾ അതേപടി പൊക്കന്റെ ഇടനെഞ്ചിൽ കലങ്ങി. മേലും മോറും വെശർത്തൊഴുകി*2.
അണ്ണാറക്കണ്ണൻ ചാടിയാലെത്താത്ത ഇല്ലത്തെ തെങ്ങുകൾ മുഴുവൻ കയറിയിറങ്ങിയിട്ടും ഇതുപോലെ വെശർത്തിട്ടില്ലെന്നോർത്തു. എത്രയും വേഗം ഇവിടന്നു പോയാൽ മതിയെന്നായി ചിന്ത. അതു പ്രകടിപ്പിയ്ക്കാതെ ചോദിച്ചു:
“അപ്പൊ ഇതൊക്കെക്കഴിഞ്ഞ്‌ട്ട് എത്രീസായി?”
“കൊറച്ചീസായീന്ന് തോന്ന്‌ണു...” വാവും ചോതിയും കണക്കറിയാത്ത ചാത്തപ്പൻ ഒരേകദേശം വെച്ചു പറഞ്ഞു.
“നന്നോട് ഞാൻ അപ്പഴും പറഞ്ഞില്ലേ, ഇവ്‌ടിങ്ങനെ ഒറ്റയ്ക്ക് കെടക്കണ്ടാ, അങ്ങട്ട് പോന്നോളാൻ? നിയ്യ് കൂട്ടാക്കീല്ലല്ലോ? ദാ, ഇപ്പഴും പറയ്‌ണൂ. ഇഞ്ഞൊക്കെ നന്റിഷ്‌ടം പോല്യാവ്‌ട്ടെ.” അലോഹ്യമില്ലെന്ന മട്ടിൽ പൊക്കൻ ശാസിച്ചു.
“മേത്തും മോത്തും വീങ്ങ്യോട്‌ത്തൊക്കെ മെച്ചിങ്ങ*3 അരച്ച് തേച്ചോട്ടാ. നാലീസം കൊണ്ട് ഒക്കെ മാറിക്കോളും. ഇഞ്ഞെങ്കിലും ഒന്ന് കണ്ടും കേട്ടും നടക്ക്. എന്താ വേണ്ടതെങ്ങെ പറഞ്ഞോ. മാമൻ ഇഞ്ഞ് വരുമ്പൊ കൊണ്ടരാം.”
ഇനിയും വരുന്ന കാര്യം പറഞ്ഞപ്പോൾ പൊക്കന്റെ ശബ്ദത്തിന് ഇടർച്ച വന്നിരുന്നു.
“ഇപ്പൊന്നും മേണ്ട. മാമൻ പൊക്കോളോ. വേണങ്ങെ പറയ്‌ണ്ട്.” ചാത്തപ്പന്റെ നാവിൻ തുമ്പിൽ പരസഹായം വേണ്ടിവന്നില്ല!
“ന്നാപ്പിന്നെ വയ്യായ മാറുമ്പൊ നിയ്യങ്ങട്ട് വായോ.”
അത്രയും ഒഴിഞ്ഞു പറഞ്ഞപ്പോൾ ആകമാനം ഒരയവു കിട്ടി. ബന്ധനവിമുക്തനായ പൊക്കൻ കാലു വലിച്ചുവെച്ച് പടിഞ്ഞാട്ടിറങ്ങി. തലയ്ക്കു മീതെ മദ്ധ്യാഹ്നഭാസ്കരൻ നിന്നു തിളച്ചു. നടക്കുമ്പോഴും മനസ്സിനുള്ളിൽ ഭയം വിട്ടുപോയില്ല. ഒരിയ്ക്കൽപ്പോലും തിരിഞ്ഞു നോക്കാൻ മെനക്കെടാതെ, നെഞ്ചമർത്തി, കാൽക്കീഴിൽ ശ്രദ്ധിച്ചു നടന്നു.
ഇരുവരും പറഞ്ഞിരുന്നതെല്ലാം അകത്ത് കേൾക്കുന്നുണ്ടായിരുന്നു. പൊക്കൻ പോയിക്കഴിഞ്ഞപ്പോൾ തമ്പുരാട്ടി മുറ്റത്തിറങ്ങി. കണ്ണിൽ നിന്നകന്നു പോകുന്ന കുറിയ മനുഷ്യനെ വർദ്ധിതരോഷത്തിൽ തുറിച്ചുനോക്കി. അഴിഞ്ഞുവീണ തലമുടി ഇടങ്കയ്യിൽ പൊക്കി വലങ്കയ്യിൽ പിണച്ചുകെട്ടി. അരിശം തീരാഞ്ഞ്, കൺവട്ടം പരതി. പടിഞ്ഞാറേ ഇറയത്ത്, ചെറ്റമറയ്ക്കരികെ അടുക്കി വെച്ചിരുന്ന ഉണങ്ങിയ കവളൻമടലുകൾ ഭ്രാന്തമായ ഒരാവേശത്തോടെ പടിഞ്ഞാട്ട് വലിച്ചെറിഞ്ഞു!
തലയറ്റ്, കൈയറ്റ്, കാലുകളറ്റ് തലങ്ങും വിലങ്ങും കബന്ധങ്ങൾ കുരുക്ഷേത്രഭൂവിൽ ചിതറിക്കിടന്നു. ഓരോരുത്തരെ ഒന്നായി, ഓരോന്നായി നടന്നു നോക്കി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ തേടിയ തല തിരിച്ചറിഞ്ഞു: ശകുനി! അത് അവൻ തന്നെയെന്നു മതിവരെ നോക്കി തീർച്ചപ്പെടുത്തി. സംതൃപ്തമായ മനസ്സിന്റെ ആവേശത്തിൽ മാറ് തുടിച്ചുയർന്നു. അതുവരെ കൊണ്ടുനടന്ന അഗ്നിച്ചുഴി ഇടനെഞ്ചിൽ നിന്ന് അഴിച്ചെറിഞ്ഞു.
‘ഒരു പിടി മണ്ണിനും ജീവിയ്ക്കാനുള്ള അവകാശത്തിനും വില പറയുമ്പോളോർക്കണം, വാളെടുത്തവനു വാൾ തന്നെയാണു യോഗം. നിർദ്ദോഷിയായൊരു മിണ്ടാപ്രാണിയെ കൊല്ലാക്കൊല ചെയ്തവർക്കും ഇതു തന്നെയാണു വിധി.’

ശവം തൊട്ട അറപ്പോടെ കാർക്കിച്ചു തുപ്പി. നടന്നു കയറി, നേരേ മറപ്പുരയിൽ. നിറകലശങ്ങളിൽ, തെളിനീരിൽ, വർണാസ്ത്രപ്പെരുമയിൽ മദ്ധ്യാഹ്നസൂര്യൻ വിജൃംഭിച്ചു നിന്നു. ഇരുകൈകളിലും താങ്ങിയ ദേവനെ കണ്ണടച്ചു നെറുകയിലേയ്ക്കാവാഹിച്ചു.
ഉടൽ തളിർത്തു, മനം കുളിർത്ത് പുറത്തേയ്ക്കിറങ്ങി...
പകൽ‌വെളിച്ചത്തിൽ അന്നാദ്യമായ് കാണുകയായിരുന്നു...
കൺനിറയെ ചാത്തപ്പൻ നോക്കിക്കണ്ടു...
ഉടയാതെ
ഉലയാതെ
തെള്ളിത്തിറമ്പുന്ന നിമ്‌നോന്നതങ്ങളിൽ തുള്ളിത്തുള്ളി
ആയിരം നീർത്തുമ്പിലിറ്റി വീണു!
കളഭച്ചാർത്തി,ലലങ്കാരപൂജയിൽ...
ആരും കൊതിയ്ക്കുന്ന കമനീയവിഗ്രഹം
ആപാദചൂഡം മുത്തണിഞ്ഞു!
അന്നാദ്യമായി കാണുകയായിരുന്നു, എല്ലാം!
അതുവരെ കണ്ടിട്ടില്ലാത്ത അഭൗമസൗന്ദര്യം മിന്നലേറ്റ പോൽ ഉള്ളുലച്ചു...
ദീനവും നോവും മറന്നു...
ചെറ്റമറയിൽ നിന്നൊരീർക്കിലി ചിന്തി ചാത്തപ്പനെഴുന്നേറ്റു നിന്നു...

(തുടരും)


കുറിപ്പുകൾ:
*1 - ചാമയരി - അടിയാളർക്കു കൂലി ചാമ. ചാമയ്ക്കാണു പണിയെടുക്കുന്നതെന്ന പഴഞ്ചൊല്ലും അങ്ങനെയുണ്ടായതാണ്; അതായത്, വിലയില്ലാത്ത തൊഴിലാണു ചെയ്യുന്നതെന്നു സാരം.
*2 - മോത്തും മേത്തും - മുഖത്തും ശരീരത്തിലും
*3 - വെശർത്തൊഴുകി - വിയർത്തൊഴുകി
*4 - മെച്ചിങ്ങ - അടികൊണ്ടു ക്ഷതമേറ്റാൽ, നീർക്കെട്ടിനും വേദനയ്ക്കും തെങ്ങിന്റെ മച്ചിങ്ങ അരച്ചിടുകയാണു പാകമില്ലാത്തവരുടെ വൈദ്യം.

*5 – ഒത്തി വെച്ച് – മുടന്തി

_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:
_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:
_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________