Sunday, 4 December 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 05വേദാരണ്യം അദ്ധ്യായം 17: കണ്ണീർവഴികൾ
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

വടക്കുപുറത്തൊരു നത്ത് കരഞ്ഞു.
ഇച്ഛാഭംഗം തളർത്തിയ മനസ്സിൽ, പിന്നെയും അതു മൂളിക്കേട്ടു!
തെക്കോരത്തൊരു നത്ത് കരഞ്ഞാൽ വടക്കോരത്തൊരു കുട്ടി!
വടക്കോരത്തൊരു നത്ത് കരഞ്ഞാൽ തെക്കോരത്തൊരു കുഴി!’
അടിവയറു കാളി, നെഞ്ചോളമെത്തി പുകഞ്ഞു.
വെല്യച്ഛൻ തിരുമേനിയുടെ വാമൊഴിച്ചൊല്ലുകൾ. അറം പറ്റാതിരിക്കട്ടെ...
ദിനേന പൂജയും വ്രതവുമായി കഴിയുന്ന തിരുമേനി അഗ്നികുണ്ഡത്തിലേയ്ക്കാണു നെയ്യു പകർന്നത്!
തെക്കുഭാഗത്താണു നത്ത് തേങ്ങിയതെങ്കിൽ വടക്കുഭാഗത്ത് ഒരു പെണ്ണിന്റെ പ്രസവം കഴിഞ്ഞിരിയ്ക്കുമത്രേ! അഥവാ, നത്ത് കരഞ്ഞതു വടക്കു നിന്നാണെങ്കിൽ തെക്കുഭാഗത്ത് ശവം മാടാൻ ഒരു കുഴി വേണമെന്നും...
നിൽക്കൂ, പോകരുത്.’
പിറകിൽ നിന്നു വിളിയ്ക്കുന്നതും അപശകുനമാണെന്ന് അന്നേരം ഓർത്തില്ല. ഉലഞ്ഞാടിയ മാറിൽ വലംകൈ താങ്ങി, കുത്തിപ്പിടഞ്ഞെഴുന്നേറ്റു. അരുതെന്നു വിലക്കിക്കൊണ്ടു തമ്പുരാട്ടി പിറകേ ചെന്നു.
ആപത്താണല്ലോ, ചുറ്റും. വെളുക്ക്വോളം എങ്ങും പോകല്ലേ...' തമ്പുരാട്ടി പിന്നെയും പിന്നെയും കെഞ്ചി വിളിച്ചു.
ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ഇരച്ചുകയറിയ പകയിൽ ചാത്തപ്പൻ നടക്കുകയായിരുന്നില്ല...
അപശകുനങ്ങൾ കരയൊട്ടാകെ മുങ്ങിനിറഞ്ഞപ്പോൾ ദുഃഖം മറന്നു, ഭയം കൂടി. ആവലാതി പൂണ്ട മനസ്സിൽ നത്തിനെ ശപിച്ചു. അകന്നകന്നുപോയ നിഴൽ ഒരു പൊട്ടുപോലെ പിൻനിലാവിലലിഞ്ഞപ്പോൾ കണ്ടാണിപ്പുഴയ്ക്കക്കരെ ഒരു കുറ്റിച്ചുടിയൻ കൂവുന്നതും കേട്ടു!
തെക്കുകിഴക്കു കോടിയ്ക്ക് ആട്ടയൂർ മറിയ്ക്ക്, പറയ്ക്കാട് കുന്നിറങ്ങിക്കയറിയ കുറുനരിക്കൂട്ടം, കടവല്ലൂർ നമ്പഴിക്കാട് കുന്നത്തു നിന്നു വടുതലപ്പാടത്തേയ്ക്ക് ഓരിയിട്ടിറങ്ങി. ഒരു തലയ്ക്കൽ നിന്നു മറുതലയ്ക്കലേയ്ക്കു കര ചുറ്റിവളഞ്ഞ ശ്വാനവർഗം മാനം മുട്ടി മോങ്ങി. നമ്പഴിക്കാടും ചിറ്റാട്ടുകരയും ആട്ടയൂരും ബ്രഹ്മംകുളവും; കരയൊട്ടാകെ പുകഞ്ഞു.
നിലാക്കമ്പളം മുഴുക്കെ ശബ്ദായമാനം മുങ്ങിപ്പളങ്ങിയപ്പോൾ വരാനിരിയ്ക്കുന്നത് ഏതോ ആപത്താണെന്നു തീർച്ചപ്പെടുത്തി! ചെവി രണ്ടും ചൂളം വിളിച്ചു. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ, നിസ്സാഹയതയോടെ നിന്നു തിരിഞ്ഞു...
ഇതിനു മുമ്പൊരിയ്ക്കലും ആ പാളപ്പൊതി കണ്ടില്ലെന്നോർത്തു. കറുത്ത്, പിടി തഴമ്പിച്ച്, അറ്റം വളഞ്ഞ, കൂർത്ത പിശ്ശാങ്കത്തി. അത് എവിടെയായിരുന്നു സൂക്ഷിച്ചുവെച്ചിരുന്നത്? ഇത്രനാൾ കണ്ട മനുഷ്യനായിരുന്നില്ല അന്നേരം കണ്ടത്! കണ്ണിലനങ്ങിയ തെളിച്ചം അടുപ്പുംകനലായിരുന്നോ അതോ പകയോ...
വിവേകമറ്റ മനുഷ്യനു നല്ലതില്ല, ചീത്തയുമില്ല. നിനച്ചതു ചെയ്തേ മടങ്ങൂ. പക്ഷേ, അത് ആരെക്കരുതിയാവുമെന്നും ഇപ്പോൾ ഊഹിയ്ക്കാനായില്ല...
ലക്ഷണങ്ങളെല്ലാം കൂട്ടിച്ചേർക്കുമ്പോൾ ചിന്തകളെല്ലാം അശുഭങ്ങളിലാണു ചെന്നെത്തുന്നത്...
പിന്നെയും പിന്നെയും തേങ്ങിനിറഞ്ഞ് നത്ത് സ്വൈര്യം കെടുത്തിയപ്പോൾ മുറ്റത്തു കിടന്നിരുന്ന ചകിരിത്തൊണ്ടുകൊണ്ട് ഒച്ച കേട്ട ദിക്കിലേയ്ക്ക് ഒരേറു കൊടുത്തു. ഏറു കൊണ്ടില്ലെങ്കിലും പക്ഷി പറന്നുപോയി അകലെയെങ്ങോ തേങ്ങി. എന്നിട്ടും, പൊട്ടപ്പൊട്ട വിചാരങ്ങൾ ഉള്ളിൽ കനലുകൂട്ടി. ഉഴറിയ മനസ്സുമായി അകത്തേയ്ക്കു കയറുമ്പോൾ... ഉമ്മറത്തേയ്ക്കു കാലെടുത്തു വെച്ചില്ല, ഒട്ടും അകലെയല്ലാതെ ഒരാൾ!
തോന്നിയതാണോ?
ശങ്ക വിഷമാണ്; ഉള്ളിലതു നീലിച്ചു പടരും.
ഉമ്മറത്തേയ്ക്കു വെച്ച കാൽ തിരികെ വെച്ചു. പിന്നാക്കം ആഞ്ഞ് വീണ്ടുമൊന്നു നോക്കി. തോന്നിയതായിരുന്നില്ല; ശരിയ്ക്കും കണ്ടു. വേഗം അകത്തേയ്ക്കു കയറി. ഇരുകൈകളും മാറോടടക്കിപ്പൂട്ടി. പിടഞ്ഞ മനസ്സിൽ വഴികൾ തേടി...
ഇന്ദ്രിയങ്ങളഞ്ചും ഉണർന്നു.
ആരൊക്കെയോ പാഞ്ഞടുക്കുന്നതറിഞ്ഞു...
ഒന്നല്ല, രണ്ടല്ല... എണ്ണത്തിൽ ആളുകൾ കൂടുന്നുണ്ടായിരുന്നു...
കണ്ണടച്ചുപിടിച്ചു...കണ്മുന്നിൽ പന്തം തെളിഞ്ഞു...
കൂർമ്മിച്ച കാതിലേയ്ക്കു കടലിരമ്പിക്കയറി...
ശ്വാസമടക്കി ചെറ്റമറയോടമ്പി നിന്നു.
അടുപ്പിൽ തണിഞ്ഞു കിടന്ന കനലുകൾക്കു കൂടുതൽ ശോഭ വെച്ചു.
തിങ്ങിനിറഞ്ഞ നെഞ്ചിൻകൂട്ടിൽ പെരുമ്പറ തിറമ്പി...
എന്താണു സംഭവിയ്ക്കാൻ പോകുന്നതെന്നറിയില്ല. അതെന്തായാലും, കടലിരമ്പി വരുമ്പോൾ അകത്തിരിയ്ക്കുന്നതു ചിതമല്ല. അകത്തേയ്ക്കും പുറത്തേയ്ക്കും വഴിയൊന്നു മാത്രമുള്ളിടത്ത് കാത്തുനിൽക്കുന്നതിലും അർത്ഥമില്ല...
മറ്റുപായങ്ങളൊന്നും തെളിഞ്ഞില്ല. മുടിപ്പൂ വലിച്ചൂരി നിലത്തെറിഞ്ഞു. ഓടിച്ചെന്ന് നെല്ലും പൂക്കുലയും കാലിൽ തട്ടിക്കളഞ്ഞു. അടുപ്പിന്റെ പൊളിച്ചെരുവിലൂടെ നീറ്റപ്പെടാതെ കിണ്ടിവെള്ളമൊഴിച്ചു കളഞ്ഞു. ഇരുൾക്കൂട്ടിനുള്ളിൽ ജാഗ്രത്തുണർന്നു...
ചെറ്റവാതിൽക്കീറു മലർക്കെ തുറന്നുവെച്ച് പുറത്തേയ്ക്കു വന്നു. ആളുകളെല്ലാം അടുത്തെത്തിയതിനാൽ പഴുതുകളെല്ലാം അടയുകയായിരുന്നു... അമാന്തിച്ചില്ല, ഓലപ്പൊളികൾ കുത്തിച്ചാരിയ മറപ്പുരയിലേയ്ക്കു കടന്നു. കണ്ണുകൾ ആകാശം വട്ടം വെച്ചു. കാതുകൾ ഇലയനക്കം ഒപ്പിയെടുത്തു. ഇരുകൈകളും മാറിൽ കൂമ്പി, അക്ഷഹൃദയമുരുവിട്ടു...
വന്നവർ വന്നവർ ഇടവും വലവും കുടിലിനെ ചുറ്റിവന്നു. അവരിൽച്ചിലരുടെ കൈകളിൽ രൗദ്രം, ചൂട്ട് തെളിഞ്ഞു. പരസ്പരം അവരാരും മിണ്ടിസംസാരിച്ചില്ലെങ്കിലും, അടുത്ത പടിയ്ക്കായി മുഖത്തോടുമുഖം നോക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദശബ്ദങ്ങളിൽ വിരലുകൾ മുദ്രകളായി. ഒരാൾ അപരന്റെ കാതിലെന്തോ കുശുകുശുത്തു...
ചാത്തപ്പാ...ചാത്തപ്പാ...’
ആദ്യം പതുക്കെയായിരുന്നു വിളിച്ചത്. പിന്നെ ഹുങ്കോടെ അയാൾ വിളിച്ചുയർന്നു. ഒപ്പം വന്നവർ അയാൾക്കു പിറകെ കൊഴുത്തുകൂടി.
‘ഡാ, ചാത്തപ്പാ’
‘ഇപ്പത്തന്ന്യല്ലേ, അവന്റെ നെലോളീം കൂർക്ക്‌ളീം കേട്ടത്!’
‘ആളുംതരം ഒന്നും തന്നെ കാൺണില്ലല്ലോ!’
‘നായിന്റെ മോൻ അകത്തെങ്ങാനും കെടന്ന് ചത്ത് പോയ്യോ!’
എത്തോം ചൂരുമൊന്നും കേൾക്കാഞ്ഞ്, തുറന്നുകിടന്ന വാതിലിലൂടെ അവരെല്ലാം അകത്തേയ്ക്ക് ഇരച്ചുകയറി. അവരുടെ കൈകളിലെ നീട്ടിയ പന്തങ്ങൾ മോന്തായത്തോളം ആളിത്തെളിഞ്ഞു.
‘ഇവനെന്താ ഇവ്‌ടെ, മന്ത്രവാദം വല്ലതും ണ്ടോ!’ ഒരാൾ കാറിത്തുപ്പി.
‘തൊടണ്ട. അവ്‌ടെ ചവിട്ടണ്ട.’
കാലിൽ പറ്റിയവരെല്ലാം കാലുരച്ചുതേച്ച് പുറത്തേയ്ക്കിറങ്ങി.
‘ഇതിനകത്താരും ഇല്ലല്ലോ.’
‘അപ്പഴെയ്ക്കും എങ്ങട്ടാ അവൻ മാഞ്ഞത്!’
വിശ്വാസം വരാതെ, അകം മുഴുവൻ കണ്ണോടിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തി, വന്നവരെല്ലാം പിൻവലിഞ്ഞു.
ദുശ്ശാസനപർവം കഴിഞ്ഞു. പിന്തിരിഞ്ഞ കൗരവപ്പടയുടെ ആരവം അകന്നകന്നുപോയി.
ഭഗവൽകൃപയിൽ ആശ്വാസപ്പെട്ട് തമ്പുരാട്ടി പുറത്തേയ്ക്കു വന്നു.
അവരെല്ലാം പോയ വഴിയേ നോക്കി ഏറെ നേരം അതേ നില്പ് നിന്നു. ആരാണവരെന്നും എവിടെ നിന്നാണു വന്നതെന്നും അറിഞ്ഞില്ല. പക്ഷേ, ഇതിന്റെയെല്ലാം അർത്ഥമെന്തെന്നും ആലോചിച്ചു, പിടികിട്ടിയില്ല.
ഉത്തരമില്ലാത്ത സമസ്യകളിൽ മനസ്സുഴറി, നിശ്ചയബോധമെന്യെ തൊഴുകൈയുമായി നിൽക്കെ, ഞെട്ടറ്റൊരു കരിക്ക് അലക്കുകല്ലിൽ തല്ലിവീണു, ഛിന്നഭിന്നം ചിതറിത്തെറിച്ചു...
അടിമുടി തരിച്ചു...
‘കൃഷ്‌ണാ! ഇതെന്തു പരീക്ഷണം?’ അരുതാത്തതാണല്ലോ കാണുന്നതെല്ലാം. അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ!
കല്പവൃക്ഷം ചതിയ്ക്കില്ല, തീർച്ച. പക്ഷേ, പൊരുത്തപ്പെടാനാവാത്ത യാഥാർത്ഥ്യമാണു പൊള്ള കളഞ്ഞ് കാതലായി തെളിഞ്ഞത്! അത് അതേപടി ഉൾക്കൊള്ളാനാവാതെ ഹൃദയം ഉടുക്കുകൊട്ടി തുടിച്ചു. കൺകളിലെന്ന പോലെ, മനസ്സിലും ഇരുൾ കുമിഞ്ഞു. നിഷേധാർത്ഥം തല വെട്ടി കുടഞ്ഞു. മുടിച്ചുറ്റ് അഴിഞ്ഞു വീണു. ചപ്രത്തലയോടെ കുളിമുറിയിലേയ്ക്കു കയറി. ഗുരുപവനപുരി ചൂണ്ടി, വലം കൈയിൽ ജലം മുറിഞ്ഞു...
‘ഇതിന്റെ സത്യമെന്തെന്നെനിയ്ക്കറിയണം! ആപത്തേതുമില്ലാതെ ഇവിടെ കൊണ്ടുതരണം. ഇതു വാക്കാണു കൃഷ്‌ണാ. ഇല്ലെങ്കിലീ കല്ലിൽ തീരും, സുഭദ്ര!’
ഇനിയുള്ള വീഴ്‌ചകളേതും സ്വയംവരിയ്ക്കാൻ കണ്ണടച്ച്, ശിരസ്സുയർത്തി സുഭദ്ര അലക്കുകല്ലിലിരുന്നു. അനങ്ങിയില്ല; അതേ ഇരിപ്പിലിരുന്നു.
നേരം വെളുത്തെങ്കിലും മാനം മൂടിക്കിടന്നു. കിഴക്കു നിന്നു പടിഞ്ഞാറെടുത്ത പക്ഷികൾ വഴിതെറ്റിപ്പറന്നു. ബലിക്കാക്കകൾ തലയ്ക്കു മുകളിൽ വട്ടം പറന്ന് കാറിപ്പൊളിച്ചു. മരണം നേരിൽക്കണ്ട നായക്കൂട്ടം വൈലിത്തറ ചുറ്റി വന്യമായി മോങ്ങി; പിൻകാലുകളിൽ മാന്തിപ്പൊളിച്ച് തെക്കോരം ചുടലക്കളമാക്കി.
പ്രകൃതിയുടെ ഭാവപ്പകർച്ചകളൊന്നും സുഭദ്രയെ തീണ്ടിയില്ല. ഉദിച്ചതും കണ്ടില്ല, അസ്തമിച്ചതും കണ്ടില്ല. ഇരുളിനൊപ്പം നിലാവലിഞ്ഞതും അറിഞ്ഞില്ല. ഒട്ടൊന്നിളകാതെ, ജലപാനമില്ലാതെ, ഏകാഗ്രചിത്തം തപമിരുന്നു. അടച്ച കണ്ണിന്നകക്കണ്ണിനുള്ളിൽ ഒരേയൊരു ബിംബം ഇറുകെപ്പുണർന്ന്, ധ്യാനനിരതം കാത്തിരുന്നു...
‘ചതിച്ചല്ലോ, ന്റവ്വേ! ന്നെ തനിച്ചാക്കി പോയില്ലേ... ഇയ്ക്കിനി ആരൂംല്ലല്ലോ...!!’
അറഞ്ഞടിച്ച നെഞ്ചിൻകൂട്ടിൽ നൊന്തുതിറമ്പിയ ഹൃദയവിലാപം; പ്രജ്ഞയുണർത്തി... സ്വരവും മനവും തിരിച്ചറിഞ്ഞു! രോമകൂപങ്ങളിൽ കുളിരെഴുന്നു. ഒരൊറ്റയേറ്റത്തിലൊരായിരം ആഴിത്തിരമാലകൾ മൗനം തച്ചുടച്ചടിച്ചു കയറി! തരിച്ചുമരവിച്ച കാലുകൾ വലിച്ചുവെച്ച് ചെണ്ണ*കുത്തി. തത്രപ്പെട്ടു വീണും എഴുന്നേറ്റും, കരഞ്ഞുകൊണ്ടു തമ്പുരാട്ടി പുറത്തേയ്ക്കോടി: “അയ്യോ! അരുതേ! എന്താണീ കാണിയ്ക്കണെ! എന്തിനാണെന്നെ ഇങ്ങനെ നോവിയ്ക്കണെ!”
തൽപ്രാണനുറങ്ങുന്ന ശ്രീലകവാതിലിൽ നിപതിയ്ക്കും താഡനം താങ്ങാനാവാതെ, വിവശതയോടെ അവർ വീണു. മുറ്റത്ത്, ശബ്ദം കേട്ട ദിക്കിലേയ്ക്ക് ആവതെല്ലാമെടുത്ത ചാത്തപ്പൻ നാലുകാലിൽ കുത്തിനിവർന്ന് കുഴഞ്ഞാടി വന്നു. ചളിയുണങ്ങി പൊടിനിറഞ്ഞു തളർന്നാടിയ അവശരൂപത്തെ ചുടുവർണക്കുറിയായി ഇരുകൈകളും നീട്ടി ഗാഢഗാഢം വാരിപ്പുണർന്നു...
വിട്ടുവിട്ടു തുടിച്ച ഇരുമനം ഒരു മനമായി... വിടാതെ തോരാതെ കണ്ണീരാടി. ഇനിയും കേൾക്കാത്ത ഈണങ്ങളിൽ മുഖം; ചുമലുകൾ കവിളുകൾ മാറി മുകർന്നു. തളർച്ചയുടേയും വിരഹത്തിന്റേയും ഗ്രീഷ്‌മതാപത്തിൽ നവവസന്തം കുളിരല ചാർത്തി. ഹൃദയം വിശുദ്ധം, തുയിലുണർത്തിപ്പാടി...
സുഖമെഴും ഭൂപാളരാഗത്തിൽ, മനങ്ങളൊന്നായലിഞ്ഞലിഞ്ഞു ചേരുമ്പോൾ...
ഇനിയൊരിയ്ക്കലും വിട്ടുപിരിയാനാവില്ലെന്ന യാഥാർത്ഥ്യം തെരുതെരെ ചുംബിച്ചറിഞ്ഞൂ, ഹൃദയങ്ങൾ!
(തുടരും: ഹൃദയവാഹിനി)

കുറിപ്പ്: *ചെണ്ണ കുത്തി = മുടന്തി വീണു.

_____________________________________________________________________


രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:
_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________