Tuesday, 22 November 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 03വേദാരണ്യം അദ്ധ്യായം 16: പഷ്‌ണിപ്പുര
രചന: സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com
പാലമരച്ചോട്ടിൽ മുത്തിയമ്മ! തെളിഞ്ഞു കണ്ടു, ചാത്തപ്പൻ.
നെടുവരമ്പിനോടു ചേർന്ന പാലമരത്തിന്റെ ചുവട്ടിൽ പൂ പെറുക്കുകയായിരുന്ന മുത്തിയമ്മ, പഷ്ണിപ്പുരയ്ക്കു നേരേ മന്ദം നടന്നു വന്നു.
നടക്കുമ്പോൾ മുത്തിയമ്മയുടെ പാദങ്ങൾ നിലം തൊടുന്നുണ്ടായിരുന്നില്ല!
ശുഭ്രവർണച്ചേല ഇളകിയിളകിയാടി... അപ്പൂപ്പൻതാടി പോലെ ഒഴുകിയൊഴുകി വന്നു. വന്നതും അവിടമാകെ പാലപ്പൂവിന്റെ സുഗന്ധം പരന്നു. ചുളുക്കം ബാധിച്ചിരുന്നെങ്കിലും, മുഖം തേജസ്സുറ്റതായിരുന്നു! നിലാവിൽ തിളങ്ങിയ നീണ്ടുചുരുണ്ട തലമുടി വെള്ളിനാരുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു... തോളോളം തൂങ്ങിയ കാതിന്റെ വള്ളിയിൽ കനത്തിൽ തോട ഞാന്നു കിടന്നിരുന്നു...
“ചാത്തപ്പാ...”
സൗമ്യം, മുത്തിയമ്മ കുഞ്ഞിനെ തൊട്ടുവിളിച്ചു. വാക്കുകൾ വളരെ, വളരെ വ്യക്തമായിരുന്നു. വാത്സല്യാതിരേകത്താൽ പക്ഷെ, നന്നെ പതുക്കെയായിരുന്നു.
“ങും...” നിലത്തോടമ്പി മുഖം ചരിഞ്ഞ് കമഴ്‌ന്നു കിടന്ന ചാത്തപ്പൻ ഉച്ഛ്വാസവായുവിനൊപ്പം വിളി മൂളിക്കേട്ടു.
“എന്താ ഇവിടിങ്ങനെ കെടക്ക്ണ്? എഴുന്നേൽക്ക്.” തെളിനീരിന്റെ കുളിർമ്മയായിരുന്നു, മുത്തിയമ്മയുടെ വിരൽസ്പർശം.
ശരീരമാസകലം വെട്ടിമുറിയുന്ന വേദനയുണ്ടായിരുന്നു... അനങ്ങാൻ പോലും വയ്യ. പക്ഷേ, വയ്യെന്നു ചാത്തപ്പൻ പറഞ്ഞില്ല. അടഞ്ഞുകിടന്ന മിഴിയിണകളിൽ, ഇളം ചൂടിൽ, കണ്ണീരുറവ പൊട്ടി.
“എന്തിനാ നിയ്യ് കരയ്‌ണ്? ഞാൻ കൂടെയില്ലേ?”
തല പതുക്കെ പൊന്തിച്ച് മുത്തിയമ്മ മടിയിലേയ്ക്കു കിടത്തി. നെറ്റിയിലും മുഖത്തും കഴുത്തിലും നെഞ്ചത്തും പയ്യെപ്പയ്യെ തലോടി... വീങ്ങിക്കെട്ടിയ ക്ഷതങ്ങളിൽ നനുത്ത ഔഷധക്കുളിരോടി! ഏതോ തെളിനീർത്തടാകത്തിൽ പൊങ്ങിക്കിടക്കുന്ന പോൽ ചാത്തപ്പൻ, സുഖശീതളം, മുത്തിയുടെ മടിയിൽ കിടന്നു.
"നിനക്കിന്നൊരു വീട്‌ണ്ട്. നിന്നെ കാത്തൊരു പെണ്ണ്ണ്ട്. അവ്‌ട്യല്ലേ, നീ പോയി കെടക്കണ്ടത്?”
ചാത്തപ്പൻ ഒന്നു ഞെരങ്ങി. എന്തോ പറയാനാഞ്ഞു. അതു പക്ഷേ, നെഞ്ചിൽത്തന്നെ കൊളുത്തി.
“വല്ലോടത്തും കെടന്നാൽ എന്തൊക്ക്യാ നടക്ക്‌ണ്‌ന്ന് ണ്ടാ അറിയണൂ?”
നടന്നതെല്ലാം പറയണമെന്നുണ്ട്. അതിനാവതില്ലാതെ, രണ്ടു തുള്ളി കണ്ണീരിൽ ചാത്തപ്പൻ അയഞ്ഞു ഞെരങ്ങി. കണ്ണും മുഖവും തഴുകിത്തുടച്ച്, മുത്തിയമ്മ കുനിഞ്ഞ് നെറ്റിയ്ക്കൊരുമ്മ കൊടുത്തു, ചാമരം തീർത്തു.
“ഇനിയ്ക്കറിയാം. ഞാനെല്ലാം കാണണ്‌ണ്ട്.”
അത്രയും കൂടി കേട്ടപ്പോൾ ചാത്തപ്പൻ തേങ്ങിപ്പെരുകി.
“ന്റവ്വ ന്നെ ഇട്ടട്ട് പോയി!” മാതൃവിയോഗത്തിൽ പൊട്ടിക്കരഞ്ഞു.
“ഇന്നല്ലെങ്കിൽ നാളെ അതൊക്കെ സംഭവിയ്ക്കേണ്ടതല്ലേ, കുട്ട്യേ. മുത്തിയമ്മ വാത്സല്യം തഴുകി. “അതങ്ങനെ തന്നെ കൂട്ട്യാ മതി.”
വിങ്ങിത്തിങ്ങിയ സങ്കടക്കടലിൽ, തലേന്നാൾ നടന്നതും നീറിത്തിണർത്തു: “അവര് എല്ലാരും കൂടീട്ട് ഇന്നെ...”
പറഞ്ഞു തുടങ്ങും മുൻപേ വലംകൈയാൽ മുത്തിയമ്മ വിലക്കി: “അതിനും ല്യേ, ഒരു കാരണം, ന്റെ കുട്ട്യേ?”
“ഏനെന്തു ചെയ്തിട്ടാ, ഇങ്ങിന്യൊക്കെ...” പെരുകിവന്നതു നെഞ്ചിൽ കെട്ടി.
“തെറ്റും ശരിയും അല്ല. നല്ലച്ഛന്റെ കല്പനയ്ക്ക് ഒരിടത്തും തടയില്ല.”
മടിയിൽ കിടന്ന ചാത്തപ്പൻ കണ്ണുമിഴിച്ചു ചോദിച്ചു: “തമ്പ്രാട്ട്യോ?”
“അത് ന്റെ പേരക്കുട്ടീടെ പേരക്കുട്ട്യല്ലേ, ചാത്തപ്പാ. നിനക്കറിയില്ല അവൾടെ മനസ്സ്. ഇനിയിപ്പൊ അത് മാറ്റാനും കൂടില്ല്യാ.”
“ഏൻ അയ്‌ന് എന്ത് ചെയ്യാനാ...” ചാത്തപ്പന്റെ കുരലു തിങ്ങി.
“വെള്ളോം കൊടുത്തു, മരുന്നും കൊടുത്തു.” ഓരോന്നോരോന്നായി മുത്തിയമ്മ എടുത്തു ചോദിച്ചു. “അതിനു ജീവനും നിയ്യല്ലേ കൊടുത്തത്. ചെയ്യാനുള്ളതൊക്കെച്ചെയ്തു. അതീക്കൂടെ പുടവേം കൊടുത്തു. അതിലപ്പുറം, ഒരു പെണ്ണിന് എന്താ ചാത്തപ്പാ, വേണ്ടത്!”
നെഞ്ചത്തും കഴുത്തിലും തലോടിയ മുത്തിയമ്മ മുഖത്തേയ്ക്കു കുനിഞ്ഞു ചോദിച്ചു: “നിയ്യല്ലാതെ അവൾക്കിനി വേറെ ആരാ ള്ളത്, ചാത്തപ്പാ? ഇത്രേം കാലം കൂടെ പൊറുപ്പിച്ച പെണ്ണിനെ ഇനി ആർക്ക് കൊട്‌ക്കാനാ?”
കലങ്ങിയ നെഞ്ചിലെ പൊൻതൂവലായി, മുത്തിയമ്മ മനസ്സിലേയ്ക്കു നിലാവു പെയ്തു.
“ജീവൻ കൊടുത്തവർക്ക് ജീവിതം കൊടുക്കാനും ബാധ്യതയുണ്ട്. അതുകൊണ്ടല്ലേ, ഞാനും ഇങ്ങട്ട് വന്നത്. വെട്ട്, നിനക്ക് തടയാക്കിത്തന്നില്ലേ? അവിടന്ന് ഇവിടെത്തോളം ഇന്റെ ഉടൻപിറപ്പും കൂടെ വന്നില്ലേ? ഇനി വീട്ടിലേയ്ക്ക് ചെല്ല്.”
മുത്തിയമ്മ ചാത്തപ്പന്റെ തല താങ്ങിയുയർത്തി: “അവിടേം ഇവിടേം കെടക്കണത് നമ്മൾ കുടുംബത്തിൽ പിറന്നവർക്ക് ചേർന്നതല്ല. അതുകൊണ്ട് ചാത്തപ്പൻ വേഗം വീട്ടിലേയ്ക്ക് ചെല്ല്.” മുത്തിയമ്മ ധിക്കരിച്ചു.
കണ്ണുകൾ ചിമ്മിത്തുറന്നു. സ്വാസ്ഥ്യം നഷ്ടപ്പെട്ട നനച്ചീടുകൾ. ഇരുൾക്കൂരയ്ക്കകത്തും പുറത്തും തലങ്ങും വിലങ്ങും ചിറകടിച്ചു പറന്നു. പലവഴികളിടവഴികൾ നൂഴ്‌ന്നെത്തിയ മന്ദസമീരന് ഏതോ ചെറുമിപ്പെണ്ണിന്റെ ചൂര്!
കാതോർത്തു നോക്കി.
ആരുമില്ലല്ലോ!
ആരാണിതുവരെ മിണ്ടി സംസാരിച്ചത്?
ആരായിരുന്നു, ഇത്രത്തോളം കൂടെയുണ്ടായിരുന്നത്?
അപ്പോൾ...തട്ടിയുണർത്തിയതാരായിരുന്നു?
അത് ശെരിയ്ക്കും പാലയ്ക്ക്യെ മുത്ത്യായിരുന്നോ?
എന്നിട്ട് മുത്തിയമ്മ എവിടെപ്പോയി? കാണാനില്ലല്ലോ!
കിടന്നിടത്തു കിടന്ന്, തല പതുക്കെത്തിരിച്ച്, ഇടം വലം നോക്കി. ഏതോ പുരാതന കൽമണ്ഡപത്തിലെ പുറം വാതിൽ ചിത്രം പോലെ, ഇരുൾക്കൂരയ്ക്കു പുറത്ത് നോക്കെത്താ ദൂരം.
തങ്കനിലാവിൻ ചില്ലാടപ്പരവതാനി അഴിഞ്ഞൂർന്നു കിടന്നു.
ഇതേതാ സ്ഥലം? എവ്ട്യാ വന്ന് കെടക്കണത്? എങ്ങനെ ഇവ്ടെയ്ക്കെത്തി?
*പഷ്ണിപ്പുരയ്ക്കുള്ളിലാണ് കിടക്കുന്നതെന്ന് ഊഹിച്ചെടുക്കാൻ നേരം ഇത്തിരി കഴിയേണ്ടി വന്നു. ഇവിടത്തോളം എങ്ങനെയെത്തിയെന്നു പരതി നോക്കി. തലേന്നാളത്തെ പകലും രാത്രിയും ഒരുൾക്കിടിലമുണർത്തി...
വൈദ്യശാലയ്ക്കു വിളിപ്പാടകലെ, കളരിക്കുളത്തിൽ മരണം മുഖാമുഖം കണ്ടു!
രക്ഷയ്ക്കൊരു കച്ചിത്തുറു; കൈയിൽ കിട്ടിയില്ല... ഒന്നു പിടഞ്ഞു.
അരക്കെട്ടു വെട്ടിച്ച് കാലിൽ കുതിയ്ക്കാൻ കഴിഞ്ഞത് അരിയൊടുങ്ങാത്തതു കൊണ്ടാവാം...
വരിഞ്ഞു മുറുകിയ വേദനയിൽ, തകർന്നു വഴിതെറ്റിയ നാഡീബലത്തിൽ, കീഴ്‌മേൽ മുങ്ങിത്തുടിച്ചു....
വെള്ളമെത്ര കുടിച്ചെന്നറിയില്ല. കരയ്ക്കണഞ്ഞതും അറിയില്ല.
കുളപ്പടവിൽ എത്രത്തോളം കിടന്നെന്നും അറിഞ്ഞില്ല... രക്ഷയ്ക്കൊരാളും എത്തിയില്ല...
ചാഞ്ഞിറങ്ങുന്ന കുളത്തിന്റെ മാട്ടം കുഴഞ്ഞ് കയറി. ചതി പോലെ മണൽ ഇടിഞ്ഞു. കയറുന്തോറും താഴോട്ടൂർന്നു.
നടന്നും വീണും ഉരുണ്ടുപിരണ്ടും വീണിടത്തുനിന്ന് കുത്തിയെഴുന്നേറ്റു...
പടിഞ്ഞാറേപ്പാടം അമ്പലത്താഴത്ത്, നെടുവരമ്പത്ത് അടിതെറ്റി വീണു...
നെഞ്ചലച്ച വീഴ്‌ചയിൽ, കുടിച്ച വെള്ളം മുഴുക്കനെ മൂക്കും വായും തിങ്ങിച്ചാടി. വരമ്പത്തു നിന്നു തല താഴേയ്ക്കിട്ട് ഛർദ്ദിച്ചു ഛർദ്ദിച്ച് പരവേശം കൂടി. ഛർദ്ദിയ്ക്കാനുള്ളതെല്ലാം പോയിക്കഴിഞ്ഞ് കപ്പവെള്ളം ചാടി. വായിൽ കയ്പുരസം ഊറി. തല ചൊരുത്തു. പൊക്കാനും ചെരിഞ്ഞു നോക്കാനും വയ്യ. ആ കിടപ്പ് അങ്ങനെ കിടന്നു. ചൊക്ക് അയഞ്ഞപ്പോൾ ആയാസപ്പെട്ട് എഴുന്നേൽക്കാമെന്ന് ആയപ്പോഴേയ്ക്ക് പകൽപ്പക്ഷി പറന്നൊഴിഞ്ഞു കഴിഞ്ഞിരുന്നു...
മെലിഞ്ഞൊഴുകിയ പുഴയിൽ കുത്തിയിരുന്ന് വെള്ളം കോരിയൊഴിച്ചു. മണ്ണും മണലും കഴുകി ദേഹം തണുപ്പിച്ചു. എഴുന്നേറ്റ് രണ്ടടിയോളം മുന്നോട്ടു നീങ്ങിനിന്ന്, കുനിഞ്ഞു മുഖം കഴുകി. വിങ്ങിച്ചീർത്ത മുഖം തൊടാനായില്ല. വെള്ളം മുക്കിപ്പാർന്നു. ചൂണ്ടുവിരലിൽ പല്ലും വായും കഴുകി കയ്പു രസം തുപ്പിക്കളഞ്ഞു. തെക്കിയ വെള്ളത്തിൽ കൈക്കുമ്പിളിൽ പൈദാഹം തീർത്തു. തലയുയർത്തി നോക്കി, അക്കരെയിക്കരെ ദൂരം കണ്ണളന്നു. കുറഞ്ഞ ഭാഗം നോക്കി, രണ്ടും കല്പിച്ച് കൈ വലിച്ചു നീന്തി.
പാതിയും കഴിഞ്ഞു കാണണം. കൈയും കുഴഞ്ഞു, കാലും കുഴഞ്ഞു. ദിശ തെറ്റി തെക്കോട്ടു നീങ്ങുന്നതായിത്തോന്നി. തലയുയർത്താതെ ലക്ഷ്യത്തിലേയ്ക്ക് ആഞ്ഞുപിടിച്ചു. കരയോടടുത്തപ്പോൾ ചേറു പുതഞ്ഞു. കുനിഞ്ഞു കുമ്പിട്ട്, കൈ കുത്തിയെഴുന്നേറ്റു. ചേറിൽ പുതഞ്ഞ കാൽ വലിച്ചെടുത്ത് നടക്കാനാഞ്ഞതും, അടി തെറ്റി വീണു.
വീണ വീഴ്‌ചയിലും ചേറു പുതഞ്ഞു. തുറു കലക്കി നീങ്ങി. തല മേക്കരെ വെച്ച് തെല്ലുനേരം കിടന്നു...
കൈതവേരിൽ പിടിച്ച് ആയാസപ്പെട്ട് മേല്പോട്ടു നോക്കി. എത്തിപ്പിടിച്ചു കുത്തിയിഴഞ്ഞ് മേൽക്കര കണ്ടു. കൈതോല തട്ടി അങ്ങിങ്ങു ചോര പൊടിഞ്ഞു. വിശപ്പും തളർച്ചയും കൂച്ചിവലിയ്ക്കുന്ന വേദനയും കൂടിയായപ്പോൾ കണ്ണിൽ ഇരുട്ടു തിങ്ങി.
കണ്ടം മുറിച്ചു കടക്കുമ്പോൾ എരപ്പുറ്റുകളിൽ മൺകട്ടകളിൽത്തട്ടി, കുഴഞ്ഞ കാലുകൾ തപ്പാടി. ആലസ്യം മൂടിയ കണ്ണുകളിൽ ദിക്കും ബോധവും തെളിഞ്ഞില്ല. കണ്ട വഴിയ്ക്കങ്ങനെ ആടിയുലഞ്ഞു നടന്നു. നടുക്കണ്ടപ്പാടത്ത് നാട്ടുവെളിച്ചത്തിൽ ദൂരെ ഒരു അത്താണി! കയറിക്കിടന്നതും, ഉരുണ്ടു മലർന്നു...
നിലം പതുങ്ങി കാറ്റു വന്നു തൊട്ടുവിളിച്ചു. ചുറ്റിപ്പറ്റി ചുറ്റിപ്പറ്റി തൊട്ടു മണത്തു. മണ്ഡപത്തിനകവും മണത്ത് നാലുവഴിപ്പഴുതിലൂടെ മെല്ലെ പുറത്തു ചാടി. പിന്നെയും തഴുകിയുണർത്തിയ തെന്നലിൽ, മുത്തിയമ്മയുടെ ചൊല്ലു കേട്ടു:
‘വല്ലോടത്തും ചെന്ന് കിടന്നാൽ എന്തൊക്ക്യാ നടക്കണ്ന്ന് ണ്ടാ അറിയിണൂ...’
ഉണർച്ചയിൽ തെളിഞ്ഞ കരിരൂപങ്ങൾ ആർത്തുവിളിച്ച് ആക്രോശിച്ചു: “......മോൻ മന്ത്രവാദൊക്ക്യാ അവ്ടെ ചെയ്യണത്!”
പുറന്തോടുടഞ്ഞ ജീവന്റെ പൊടിപ്പിൽ പിടഞ്ഞെഴുന്നേറ്റു. കാട്ടുകടന്നൽക്കൂട്ടങ്ങളൊരായിരം ഉള്ളിൽ പെരുകിപ്പറന്നു...
ആരായിരുന്നു, അവർ? കുടിയിൽ പോയിട്ടല്ലേ അവരൊക്കെ വന്നത്? എന്തിനാ അവരങ്ങോട്ടു പോയത്? അപ്പൊ തമ്പ്രാട്ടി എവ്ടെ?

അതിലപ്പുറം ചിന്തിയ്ക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ തീയാളി! കൈ കുത്തി ചന്തിയിൽ നിരങ്ങി. പുറത്തു കടന്ന് അല്പദൂരം ചെന്നപ്പോൾ, പഷ്‌ണിപ്പുരയോളമൊന്നു തിരിഞ്ഞു നോക്കി. പിന്നെ നിന്നില്ല. നോവും ക്ഷതവും മറന്ന് ഏന്തി വലിഞ്ഞു. കിഴക്കു തെറ്റി ചാത്തപ്പൻ, വടക്കോട്ടു പിടിച്ചു.
അകത്തു കടന്നതും അനിഷ്ടം മണത്തു! ചവിട്ടുന്നിടം മുഴുവൻ നെന്മണികൾ ഞെരിഞ്ഞു. വെട്ടം വെളിച്ചം കിട്ടിയില്ല. ചെവി വട്ടം പിടിച്ചു. ജീവശ്വാസം, ഒരു പഴുതെടുത്തുപോലും അകത്തു കേട്ടില്ല!
നാലുകാലിൽ ആനനടന്ന് തപ്പിത്തിരഞ്ഞു. ഒഴിഞ്ഞു വീണ കിണ്ടിയും ഉടച്ചുകളഞ്ഞ മൺപാത്രത്തുണ്ടുകളും കത്തിത്തീർന്ന ചൂട്ടും ചാരവും ഹൃദയമിടിപ്പു കൂട്ടി. ചതഞ്ഞു വാടിയ മുടിപ്പൂക്കളിൽ ഞെരടി മണത്തുനോക്കി... ചെവി ചൂളം വിളിച്ചു...നാവു വരണ്ടു...ചങ്കു കനത്തു.
കുരലു തിങ്ങിയ ചാത്തപ്പൻ മന്ത്രിച്ചു, പ്രണവമന്ത്രം:
“തമ്പ്രാട്ടീ...”
അകത്ത് ആരുമുണ്ടായിരുന്നില്ല. ലക്കില്ലാത്തവനെപ്പോലെ തലങ്ങും വിലങ്ങും തേടി.
ആരോടെന്നില്ലാതെ ചാത്തപ്പൻ വീണ്ടും വീണ്ടും ചോദിച്ചു:
“തമ്പ്രാട്ട്യോ...? ന്റെ തമ്പ്രാട്ട്യെവ്‌ടെ...?”
അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനം ആവതും തളർത്തി. ഈ ആപത്ത് സ്വയം ക്ഷണിച്ചുവരുത്തിയതാണെന്നോർത്തപ്പോൾ കുറ്റബോധം പെരുകി. പോകരുത്, പോകരുത് എന്നു വിലക്കിയിട്ടും, ചെവിക്കൊള്ളാതെ പോയതിന്റെ പരിണിതഫലം ഇത്രയും തിക്തമാവുമെന്നു കരുതിയില്ല...
പരിഭ്രമത്തിൽ നിരാശയും അന്യതാബോധവും കലർന്നു. തികട്ടിവന്ന വ്യസനത്തിൽ കണ്ണീരും മൂക്കിളയും ഇറ്റി. തപ്പിപ്പരതിയ കൈകളുയർത്തി ചാത്തപ്പൻ നിലം തല്ലി...
“ചതിച്ചല്ലോ, ന്റവ്വേ! ന്നെ തനിച്ചാക്കി പോയില്ലേ! ഇയ്ക്കിനി ആരൂല്ലല്ലോ...”
അണപൊട്ടിയ കണ്ണീരിൽ നിലം പതിഞ്ഞ കൈയ്യുയർത്തി അറഞ്ഞടിച്ചു, നെഞ്ചത്ത്! ചാത്തപ്പൻ മനം നൊന്ത് വിലപിച്ചു...
(തുടരും: ‘കണ്ണീർവഴികൾ’)
കുറിപ്പ്: *പഷ്ണിപ്പുര: ചിരപുരാതനകാലത്ത് ജൈനമതവിശ്വാസികൾ പണികഴിപ്പിച്ച വേദപ്പുരകൾ അഥവാ യാഗപ്പുരകളാണത്രേ, പട്ടിണിപ്പുരയെന്ന പഷ്ണിപ്പുരയായത്.
(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)

____________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌____________________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:‌____________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
‌____________________________________________________________________________