Saturday, 26 November 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 04വർഷം (കഥ)
സജി വട്ടംപറമ്പിൽ

ബസ്സിറങ്ങുമ്പോഴും മഴയുണ്ടായിരുന്നു.
ബസ്റ്റോപ്പിലേയ്ക്കു നേരേ ഓടിക്കയറി. ഒരേ ശീലിൽ പെയ്യുന്ന മഴയും നോക്കി അവിടെയങ്ങനെ നിന്നു. ഇങ്ങനെ പെയ്യുകയാണെങ്കിൽ ഇതിന്നു നിൽക്കുമെന്നു തോന്നുന്നില്ല!
ടാറിട്ട റോഡിൽ മഴത്തുള്ളികൾ പൊതുങ്ങനെ നൃത്തം ചെയ്തുകൊണ്ടിരുന്നു.
മഴവെള്ളത്തിൽ ഒലിച്ചുപോകുന്ന കരടുകൾ, കടലാസുകഷണങ്ങൾ... തടസ്സങ്ങളേർപ്പെടുമ്പോൾ, അവയുടെ പ്രയാണത്തിനും മാറ്റം വന്നു. ഒഴുക്കു തുടർന്നു വന്നപ്പോൾ അവ അങ്ങോട്ടുമിങ്ങോട്ടും ഇളകി തിരിഞ്ഞുനിന്നു.
ഓരിവെള്ളം പെരുകിയപ്പോൾ തട മറികടന്ന്, അവയെല്ലാം കൂടി ഒന്നിച്ചൊഴുകി.
മറ്റു ചിലയിടങ്ങളിലവ കൊച്ചുകൊച്ചു തുരുത്തുകൾ പോലെ, കൂടിക്കിടന്നു.
ചെറുവാഹനങ്ങൾ മഴയത്തും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ട്രിപ്പു മുടക്കാതെ ലോറികളും ബസ്സുകളും ഓടിക്കൊണ്ടിരുന്നു.
ബസ്സുകൾക്കെല്ലാം ഇപ്പോൾ ആനയുടെ പെരുപ്പമാണ്. പുതുപുത്തൻ പളപളപ്പും. അവയുടെ പേരുകൾ നോക്കിവായിച്ചു: എം കെ കെ, ബാബുരാജ്, കിംഗ് ഓഫ്...
ഇടയ്ക്കിടയ്ക്കു തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ടൂറിസ്റ്റു ബസ്സുകളും പോകുന്നുണ്ടായിരുന്നു. അന്നും ഇന്നും ആന്ധ്രാബസ്സുകൾക്കു വൃത്തി എന്നു പറയുന്നതു തീരെയില്ല. കർണാടകാബസ്സുകളാണു തമ്മിൽ ഭേദം. തമിഴന്റെ ബസ്സുകൾക്ക് അലങ്കാരത്തിലൊരു കുറവുമില്ല. ആസകലം കുറി വരച്ചും, പൂമാലകളും തൈവാഴകളും നാട്ടി, പാട്ടു വെച്ചു കൈകൾ കൊട്ടിയും പാടിയും, രാവെന്നോ പകലെന്നോ ഭേദമില്ലാതെ കളർ ബൾബുകൾ മിന്നിത്തെളിച്ചും അവർ ശരാശരി വേഗതയിൽ സഞ്ചരിച്ചു.
ഒരു സമയത്തു ഞങ്ങൾ കുട്ടികൾക്ക് ഈ വഴിവക്കിൽ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങളുടെ എണ്ണമെടുക്കലായിരുന്നു, പ്രധാന വിനോദം! റാണിയും ബാലകൃഷ്ണയും സെന്റാന്റണീസും മേഘദൂതും അങ്ങനെ കുറച്ചു പാട്ടബസ്സുകൾ മാത്രം കണ്ടുമടുത്തവർക്ക് ടൂറിസ്റ്റു ബസ്സുകളോരോന്നും അന്നത്തെ വിസ്മയങ്ങളായിരുന്നു.
കന്നഡക്കാരനും തെലുങ്കനും മിക്കവാറും നിശ്ശബ്ദരായി സഞ്ചരിയ്ക്കുമ്പോൾ, തമിഴൻ നാടാകെ കൊട്ടിപ്പാടി മാത്രമേ അന്നും ഇതു വഴി പോകാറുള്ളൂ. അവരുടെ യാത്രകൾ വല്ലാതെ കൊതിപ്പിച്ചു. ടൂർ പോകാനുള്ള മോഹം ഒരുപക്ഷേ, അന്നു മുള പൊട്ടിയതായിരിയ്ക്കാം. സ്കൂൾ എക്സ്‌കെർഷൻ യാത്രകൾക്കായി കാത്തിരുന്നു; തമിഴ് സഞ്ചാരികളെ നിലം പരിശാക്കി ഞങ്ങൾ കണക്കു തീർത്തു.
മഴ തുള്ളിയറ്റു എന്നു കണ്ടപ്പോൾ ഇറങ്ങി നടന്നു. ദൂരം അധികമൊന്നും പോകാനായില്ല. മഴ വീണ്ടും കനത്തു. തലയിൽ വൃഥാ കൈപ്പടം കമഴ്‌ത്തി, നേരേ കാണുന്ന ദേവസ്വം കച്ചേരിയുടെ വാതിൽപ്പടിയിലേയ്ക്ക് ഓടിക്കയറി. ആ വാതിൽ മിക്കവാറും അടഞ്ഞു മാത്രമേ കാണാറുള്ളൂ. എങ്കിലും വാതിലിനോടു ചേർന്നു നിന്നാൽ കഷ്ടിച്ചു മഴ കൊള്ളാതിരിയ്ക്കാം.
കാറ്റിനൊപ്പമെത്തുന്ന ശീതൽ, കൈത്തണ്ടയിലെ രോമങ്ങളിൽ ധൂളികളുടെ നേർത്ത ആവരണം തീർത്തു. മഴയത്തു കുടയും ചൂടി, ഒറ്റയ്ക്കും കൂട്ടമായും കോളേജ് കുട്ടികൾ വരുന്നുണ്ടായിരുന്നു. അവരിൽ മുഖപരിചയമുള്ളവർ ആരും തന്നെ ഉണ്ടായിരുന്നില്ല.
അല്ലെങ്കിൽത്തന്നെ, ഇന്നത്തെ വഴിയാത്രക്കാരെ ആർക്കും തിരിച്ചറിയാനാകില്ലല്ലോ.
അതിൽ പുതുതലമുറയ്ക്കെന്നും പുത്തൻ മുഖങ്ങളേയുള്ളൂ! അവർക്കാർക്കും ആരോടും കനിവുമില്ല, കടപ്പാടുമില്ല. അതുണ്ടായിരുന്നെങ്കിൽ വഴിയരികിൽ ഒതുങ്ങിക്കൂടി നിൽക്കുന്നൊരാളെ പോകുംവഴിയ്ക്കു കൂട്ടിക്കൊണ്ടുപോകാം, അല്ലേ?
മുമ്പ് ഇതേ കോളേജിൽ പഠിച്ചൊരാളാണു നിൽക്കുന്നതെന്നും അവരറിയില്ല. വെറുതേ പഠിച്ചിറങ്ങിയ ഒരാളല്ല. ഒരിയ്ക്കൽ യു യു സി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ സ്റ്റുഡൻസ് എഡിറ്ററായി. രണ്ടാം വട്ടം എതിരില്ലാതെയാണു വിജയിച്ചത്.
ബിരുദത്തിൽ യൂണിവേഴ്‌സിറ്റി സെക്കന്റ് റാങ്ക്. ബിരുദാനന്തരബിരുദത്തിൽ ഫസ്റ്റ് റാങ്ക്. അക്കാലത്തു പഠിച്ചവരിലും പഠിപ്പിച്ചവരിലും അറിയാത്തവരാരും ഉണ്ടായിരുന്നില്ല.
കാലമെത്ര കഴിഞ്ഞിരിയ്ക്കുന്നു! ഈ വഴിയ്ക്കെത്ര കുട്ടികൾ പഠിയ്ക്കാൻ വന്നുപോയിരിയ്ക്കാം. മുമ്പു പഠിച്ചിറങ്ങിയവരേയും പിന്നീടു പഠിച്ചിറങ്ങിയവരേയും ഓർക്കുന്നതെന്തിന്, അല്ലേ? ജീവിതത്തിന്റെ പെരുവെള്ളപ്പാച്ചിലിൽ, പിറകോട്ടു സഞ്ചരിച്ചവരുണ്ടാകുമോ? വെള്ളിനൂൽമഴയായി, അല്പനേരമെങ്കിലും ഇവിടെ പിടിച്ചുനിർത്തിയതല്ലേ, ഇത്രയെങ്കിലും ഓർക്കാനിട വരുത്തിയത്!
പല വിധത്തിലുള്ള കുടകളുമായി യാത്രികർ പിന്നേയും വന്നു. ഒരു കുടയിൽ നിന്നു മറ്റൊരു കുടയിലേയ്ക്ക്, കൗതുകം വിരുന്നൊരുക്കി. സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പുസ്തകത്താളുകളിൽ, കുടകൾ തണലായി നിന്നു!
ഒരു കുട കൈവശം വെയ്ക്കാൻ അന്നും മടിയായിരുന്നു. സതീഷിനുണ്ടൊരു കാലൻകുട. അതുമതി, ഒരു ക്ലാസ്സ്‌റൂം മൊത്തം അതിലൊതുങ്ങും! ജോസഫിന്റെ സെന്റ് ജോസഫ് കുട. അതിൽ നിൽക്കുന്നതിലും ഭേദം മഴ കൊള്ളുന്നതാണ്. വാര്യര് ഉണ്ണികൃഷ്‌ണന്റെ കുട. അതാരെക്കൊണ്ടും തൊടീയ്ക്കില്ല. വേണമെങ്കിൽ നിൽക്കാം. പക്ഷേ, വേറെ ഒരാളെപ്പോലും നിൽക്കാൻ അനുവദിച്ചിട്ടില്ലെന്നത് ഉള്ളിൽ അഭിമാനമുണർത്തുന്നു.
ഇക്ബാലിനുണ്ടൊരു ഫോറിൻ കുട. സിംഗപ്പൂരിൽ നിന്നു ബാപ്പ കൊണ്ടുവന്നതാണത്രേ. ഗോപികയുടെ കുടയിൽ ഓടിക്കയറി, ആ കുടയും കൊണ്ടു നടന്നപ്പോൾ, മഴ നനഞ്ഞവൾ കരഞ്ഞത്... നാളെ വരുമ്പോൾ കൊണ്ടുവന്നാൽ മതിയെന്നു പറഞ്ഞ സുബൈദയുടെ കുട എടുക്കാൻ മറന്നു. ചോദിച്ചുചോദിച്ച് അവൾ മതിയാക്കി.
ശ്രീധരമാമയും കുടുംബവും മദിരാശിയിൽ നിന്നെത്തിയപ്പോൾ ശാന്തയ്ക്ക് ആ കുട തന്നെ വേണമെന്നു നിർബന്ധം. പനയ്ക്കലെ തത്തയെന്നു വിളിപ്പേരുള്ള ഉഷയുടെ കുട, വഴിയ്ക്കു വെച്ച് ശങ്കരൻകുട്ടി മാഷുടെ മകൾക്കു കൊടുത്തു. മഴ തോർന്നപ്പോൾ ആ പെണ്ണ് അതു വീട്ടിലെത്തിച്ചപ്പോഴുണ്ടായ ഗ്ലാനി...
അമ്മയോളം കനിവുള്ള... അല്ല, അമ്മ തന്നെയായിരുന്നു, ആനന്ദവല്ലി ടീച്ചർ. ഒരു മഴയത്തു കുടയുമായി അവർ വന്നപ്പോൾ, ഉവ്വ്! അതൊരു സ്വകാര്യ അഹങ്കാരമായി നെഞ്ചേറ്റി കൊണ്ടുനടന്നു...
വിവാഹം കഴിഞ്ഞ് ആറുമാസമെത്തും മുമ്പേ ഒരപകടത്തിൽ ഭർത്താവു മരണപ്പെട്ടതിനു ശേഷമാണത്രേ, ടീച്ചർ തൂവെള്ളസാരിയും ബ്ലൗസും ധരിയ്ക്കാൻ തുടങ്ങിയത്. മുഖത്തൊരു പ്രസാദത്തുണ്ടുമാത്രം ചാർത്തിയുള്ള ടീച്ചർ, പാതിവ്രത്യത്തിന്റെ കാശിത്തുമ്പയായിരുന്നു. സമരമുഖങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുമ്പോൾ ചെവിയ്ക്കു പിടിയ്ക്കുന്ന ഒരമ്മ... അവരെപ്പോഴും എവിടേയോ നോക്കിനില്പുണ്ടായിരുന്നത് ഓർക്കുന്നു...
ഒരു കുടയും പ്രതീക്ഷിച്ച് പോർട്ടിക്കോയിൽ നിൽക്കുമ്പോൾ കാറിൽ വിളിച്ചുകയറ്റി കൊണ്ടുപോയത് സാക്ഷാൽ പ്രിൻസിപ്പൽ! ഭയത്തോടും ബഹുമാനത്തോടും മാത്രം കാണാറുള്ള പ്രൊഫസർ ചന്ദ്രിക ടീച്ചർക്കൊപ്പം നനഞ്ഞും നനയാതെ നടന്നതാണു ഞങ്ങൾക്കിടയിലെ അകലം കുറയുവാനിട വരുത്തിയത്. അവധിദിനങ്ങളിൽ ടീച്ചറുടെ വീട്ടിലെ പുസ്തകങ്ങൾ റഫറൻസിനായി പോയി എടുത്തുവരാനുള്ള സ്വാതന്ത്ര്യം സമ്മാനിച്ചതും ആ മഴദിവസമായിരുന്നു.
മഴയായാലും വെയിലായാലും കുട ചൂടി മാത്രം വരുന്ന പ്രൊഫസർ ബാലസുബ്രഹ്മണ്യം സാർ, എവിടെ വെച്ചു കണ്ടാലും വിളിച്ചു കുടയിൽ നിർത്തും. തൊള്ളപൊളിച്ചുള്ള അദ്ദേഹത്തിന്റെ ചിരിയും തമാശയും പലർക്കും ഇങ്ങോട്ടൊരു അസൂയയ്ക്കു വഴിവെച്ചുവെന്നു കേൾക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ടി എസ് ബി സാറിനെ പ്രത്യേകിച്ചു പെൺകുട്ടികൾക്കെല്ലാം പേടിയാണ്. തെറ്റുകുറ്റങ്ങൾ കണ്ടാൽ അദ്ദേഹം അന്നേരം കളിയാക്കും!
എല്ലാ കുടകളും ഇവിടെ, ഈ കച്ചേരിയുടെ വാതിൽക്കലെത്തിയാണു പിരിഞ്ഞു പോകുന്നത്. അമ്പലത്തിന്റെ മുന്നിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു വേണം വീട്ടിലേയ്ക്കു പോകാൻ; വലത്തോട്ടു ബസ്റ്റോപ്പിലേയ്ക്കും. ഇതുവരെ എല്ലാവരുമുണ്ടാകും. ഇവിടന്നങ്ങോട്ട് ആരേയും കിട്ടില്ല. അന്നും ഇതുപോലെ പല ദിവസങ്ങളിലും ആരെങ്കിലുമൊക്കെ വരുന്നതും നോക്കി ഒത്തിരി നനഞ്ഞു നിന്നിട്ടുണ്ട്. അപ്പോൾ തോന്നും, കുടയെടുത്താൽ മതിയായിരുന്നെന്ന്.
ഇതുപോലൊരു മഴദിവസമാണ് അവൾ വന്നത്.
കോളേജിന്റെ വഴിയിറങ്ങി കുടയും ചൂടി നടന്നു വരുന്നത് അവളായിരിയ്ക്കുമെന്നു കരുതിയില്ല. അവളെ കണ്ടതും കാണാത്തതുപോലെ അവളും.
കച്ചേരിയുടെ പടിയ്ക്കലെത്തിയപ്പോൾ അവളൊന്നു തമ്പിട്ടു നിന്നുവോ എന്തോ. അമ്പലനട വരെ പോയി. അവിടെ നിന്നവൾ പ്രാർത്ഥിച്ചു. തൊട്ട് നെറുകയിൽ വെയ്ക്കുകയും ചെയ്തു. എന്നിട്ടവളൊന്നു തിരിഞ്ഞു നോക്കി. അവൾ നോക്കുന്നതു കണ്ടപ്പോൾ ബസ്റ്റോപ്പിന്റെ വഴിയിലേയ്ക്കു നോക്കി അറിയാത്തതു പോലെ ഗർവു വിടാതെ നിന്നു.
ഞങ്ങളുടെ വീടുകൾ അടുത്തല്ല. പക്ഷേ, കിഴക്കും പടിഞ്ഞാറും രണ്ടു കരകളിലാണ്.
കരകൾ രണ്ടാണെങ്കിലും, ദൂരമിത്തിരിയുണ്ടെങ്കിലും, അറിയാം. അറിഞ്ഞ നാൾ മുതൽ മിണ്ടാനും സംസാരിയ്ക്കാനും ധാർഷ്ട്യം അനുവദിച്ചില്ല.
ഞങ്ങൾക്കുള്ളിൽ ഇണക്കങ്ങളില്ല. പിണങ്ങാനൊരു കാരണവുമില്ല. പക്ഷേ, നേരിട്ടു കണ്ടാൽ കൊലവിളിച്ചു നടന്നിരുന്നൊരു വേദാരണ്യചരിത്രമുണ്ട്, ഞങ്ങളുടെ കരകൾ തമ്മിൽ. തലമുറകളായി കുടുംബങ്ങൾ തമ്മിൽ കുടിപ്പകയിൽ, നേർക്കുനേർ വന്നില്ല. ഇരുകരകളിലുള്ളവരും അങ്ങോട്ടുമിങ്ങോട്ടും പെണ്ണെടുത്തില്ല.
കഴുമപ്പാടത്തോ മന്നിക്കരയിലോ കരിയനൂരിലോ ഇരിങ്ങാപ്പുറത്തോ വേലയ്ക്കും പൂരത്തിനും ഞങ്ങൾ തല്ലിപ്പിരിഞ്ഞു. വാഴക്കാവിലെ മകരപ്പത്തുത്സവം അങ്ങേക്കരയിൽ നിന്നവർ കണ്ടു. തൃശ്ശൂർപ്പൂരത്തിലും പാർക്കാടി പൂരത്തിലും പറപ്പൂക്കാവിലും കണക്കു തീർത്തു. അന്നു ചീരംകുളങ്ങരെ പൂരത്തിൻ നാളായിരുന്നു, അപ്പുണ്ണ്യാമയെ ഒരാൾ വിരൽ ചൂണ്ടി സംസാരിച്ചത്. മറ്റൊന്നും പിന്നെ ആലോചിച്ചില്ല, കൊടുത്തു, നെഞ്ചത്തൊരു തള്ള്. പിന്നീടതു ചാത്തനും കൂട്ടരും ഏറ്റെടുക്കുകയായിരുന്നു. അയാളായിരുന്നത്രേ, കരുവന്തല ശ്രീധരൻ നായർ. അയാളുടെ മകളാണെന്ന് കോളേജ് അഡ്മിഷൻ ദിവസമാണു മനസ്സിലായത്.
കച്ചേരിയുടെ വാതിൽക്കൽ, നേരേ മുന്നിൽ, കുട ഉയർത്തിപ്പിടിച്ച് അവൾ നിന്നു.
ഉള്ളൊന്നു കിടുങ്ങി! ഇതൊട്ടും പ്രതീക്ഷിച്ചില്ല. എന്നിട്ടും, അവളെ ശ്രദ്ധിയ്ക്കാതെ നിന്നു. കോളേജിൽ നിന്നു ബസ്റ്റോപ്പിലേയ്ക്കു പോകുന്ന കുട്ടികളിൽ ചിലരൊക്കെ ഞങ്ങളെ കാണുന്നുണ്ടായിരുന്നു.
എത്ര നേരം നോക്കാതെ നിന്നുവോ, അത്രത്തോളം അവളും നിന്നു. എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു. അവളിവിടെ നിൽക്കുന്നതും പുതിയ പ്രശ്നങ്ങൾക്കിട വരും. ഒരുമിച്ചു പോകുന്നതും അതിലേറെ കുഴപ്പമുണ്ടാക്കും. കുടവട്ടം പെയ്തിറങ്ങുന്ന മഴത്തുള്ളികളിലോ കാൽക്കലോ നോക്കി, വരുന്നെങ്കിൽ വരട്ടേയെന്നു കരുതിക്കാണും. അവൾ അവിടെത്തന്നെ നിന്നു. മകൾക്കും അതേ വീറും വാശിയുമാണെന്ന് അന്നറിഞ്ഞു. പക്ഷേ, ഒരു തുടക്കം കുറിയ്ക്കാനുള്ള മനസ്സില്ലാത്തതിനാൽ, വേണമെന്നോ വേണ്ടെന്നോ പറയാനും മിനക്കെട്ടില്ല.
അവൾ ഇനിയും പോകുന്നില്ലെന്നു കണ്ടപ്പോൾ മഴ കൊള്ളാൻ തന്നെ തീർച്ചയാക്കി പുറത്തിറങ്ങി. പുറത്തിറങ്ങിയതും, കുടയുമായി അവൾ പിറകേ വന്നു. ഞങ്ങൾ ഒരുമിച്ചു നടന്നില്ല. വലിഞ്ഞു നടക്കുമ്പോൾ ഓടിയും, പതുക്കെ നടക്കുമ്പോൾ സാവധാനത്തിലും അവൾ ഒപ്പം വന്നു. എന്നിട്ടും പരസ്പരം മിണ്ടിയില്ല.
അമ്പലനടയ്ക്കലെത്തിയപ്പോൾ അവളൊന്നു നിന്നതുപോലെ, പ്രാർത്ഥിയ്ക്കുകയും തൊഴുകയും പെട്ടെന്നുണ്ടായി. ആരും കാണരുതേ, എന്നായിരിയ്ക്കാം അവൾ പ്രാർത്ഥിച്ചതെന്നു തോന്നി. എന്നാൽപ്പിന്നെ ഇതിനു നിൽക്കേണ്ടതില്ലല്ലോ!
ക്ഷേത്രനടയിലേയ്ക്കു ദൃഷ്ടികൾ പായിയ്ക്കുകയല്ലാതെ, ആകസ്മികമായുണ്ടായ ഈ സംഭവത്തിൽ മനസ്സു നഷ്ടപ്പെട്ടിരുന്നു. അമ്പലനടയിൽ നിന്ന് ഇടവഴിയിലേയ്ക്കു പ്രവേശിച്ചപ്പോൾ അവളും ഒപ്പമെത്തി. ഇടവഴി തിരിഞ്ഞപ്പോഴും തൊടാതിരിയ്ക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനായി മാത്രം, കുടയുടെ അരികിലൊന്നു പിടിച്ചു.
എതിരേ ആരെങ്കിലും വരുമോ, കാണുമോ എന്ന ഉൽക്കണ്ഠയുണ്ടായിരുന്നു.
ഇടവഴി അവസാനിയ്ക്കുന്നിടത്തു നിന്ന് കണ്ണെത്താദൂരം വിസ്തൃതിയിൽ പാടശേഖരമാണ്. അതിനെ പകുത്തുകൊണ്ട്, വളഞ്ഞും തിരിഞ്ഞും നിവർന്നും കിടന്നു, മേൽവരമ്പ്. ഇടതു വശം പ്ലാക്കാട്ട് പാടം, വലതുവശം ചാത്തമ്പുള്ളി. ഒരാൾ എതിരേ വന്നാൽ മറ്റെയാൾ ചെരിഞ്ഞു നിന്നു വഴിമാറി കൊടുക്കണം. ബാലൻസു തെറ്റിയാൽ രണ്ടാളുയരത്തിൽ നിന്നു ചെളിയിലേയ്ക്ക്...
ആ കുടയ്ക്കുള്ളിൽ പെയ്ത മൗനവും ചൂടി, ഒറ്റയടിപ്പാതയിലൂടെ മുന്നും പിന്നും നടന്നു.
അപ്പോൾ, അപ്പോൾ മാത്രമെന്തോ, അവൾ താഴേയ്ക്കു വീഴരുതെന്ന് അതിയായി ആഗ്രഹിച്ചുപോയി! നെല്ലരിപ്പാടത്തിന്റെ അതിരിലൂടെ ഞങ്ങൾ മറുകരയെത്തി.
വഴി ഇഴ പിരിയുന്ന കവലയിൽ അവൾക്കൊപ്പം നിന്നു. അവൾക്കൊന്നും പറയേണ്ടതില്ല. തിരിച്ചെന്തെങ്കിലും മിണ്ടുമെന്ന് അവൾ പ്രതീക്ഷിച്ചുവോ?
ഞങ്ങൾക്കിടയിൽ തുടങ്ങാനൊരു ബന്ധമില്ല.
അത് അറിഞ്ഞുകൊണ്ടുള്ളൊരു അർത്ഥശൂന്യമായ നന്ദിവാക്കിനും പ്രസക്തിയില്ല.
കാൽക്കലേയ്ക്കു നോക്കിയാണു നിന്നിരുന്നതെങ്കിലും, മുഖം കാണുന്നില്ലെങ്കിലും ദൃഷ്ടികൾ വലത്തോട്ട് ഇടയ്ക്കിടെ വരുന്നതായറിഞ്ഞു.
ഒടുവിൽ, കുടയ്ക്കുള്ളിൽ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ മെല്ലെപ്പറഞ്ഞു:
കുടയൊന്നു വിട്ടിരുന്നെങ്കിൽ എനിയ്ക്കു പോകാമായിരുന്നു.“
ഛേ! അതോർത്തില്ല. പെട്ടെന്നു കുടയുടെ കമ്പി വിട്ടു.
അവൾ നടന്നകന്നപ്പോൾ എന്തെന്നില്ലാത്ത ഒരവജ്ഞ തോന്നി.
നന്ദിയില്ലാതിരിയ്ക്കാമെങ്കിലും, പേരു ചോദിയ്ക്കാമായിരുന്നു...
മഴ നനഞ്ഞുകൊണ്ടു തെല്ലൊന്നു നടന്നപ്പോൾ അതിനായി തിരിഞ്ഞു നോക്കണമെന്നു തോന്നി. അപ്പോഴേയ്ക്ക് അവൾ വഴിതിരിഞ്ഞു പോയിരുന്നു...
പെയ്തു നിറയുന്ന വർഷത്തിലേയ്ക്കൊരു തുള്ളിയായി പ്രകൃതി പോലും അലിഞ്ഞു ചേരുമ്പോൾ, അലിയാതൊരാൾ മാത്രം...
(വരികൾ: വർഷം, സജി വട്ടംപറമ്പിൽ)

______________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
‌________________________________________________________________________