Tuesday 8 November 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 01



വീണ്ടും ചില ആരോഗ്യചിന്തകൾ - 4: സ്ത്രീകളും വേഷവിധാനങ്ങളും (ലേഖനം)
രചന: സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com




കുടുംബത്തിന്റെ ഐശ്വര്യമായാണു പൊതുവെ സ്ത്രീകളെ ഭാരതത്തിൽ പ്രത്യേകിച്ചും കരുതി വന്നിട്ടുള്ളത്. ഭക്ഷണം കഴിയ്ക്കാനുണ്ടെങ്കിലുമില്ലെങ്കിലും, അകത്തു വിളക്കെരിഞ്ഞാലുമില്ലെങ്കിലും, അവരുടെയെല്ലാം പെരുമാറ്റവും, അതിലുപരി വസ്ത്രധാരണവുമാണ് അങ്ങനെയൊക്കെയുള്ള ധാരണകൾക്ക് അടിസ്ഥാനമായിട്ടുള്ളതെന്നു കരുതുന്നു. വേറെയും എടുത്തു പറയാനുള്ള ധാരാളം കാര്യങ്ങളുണ്ട്.
ആരോഗ്യമുള്ള അമ്മയ്ക്കു മാത്രമേ ആരോഗ്യമുള്ളൊരു കുടുംബത്തെ നയിയ്ക്കാനാവൂ. അവരുടെ കുലീനതയ്ക്കും അന്തസ്സിനും (യശസ്സിനും) ആഭിജാത്യത്തിനും എല്ലാം പ്രാപ്തയാക്കുന്നത് അവളെന്നും പിന്തുടരുന്ന വേഷവിധാനങ്ങൾ തന്നെയാണ്.
പക്ഷേ, സമൂഹത്തിലിന്ന് ഒരു സ്ത്രീയുടെ രൂപം എന്താണെന്ന് അറിയാമല്ലോ! നൈറ്റി അഥവാ നിശാവസ്ത്രം പോലുള്ള വസ്ത്രമണിഞ്ഞ്, മാറിലെ നിമ്നോന്നതങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ളൊരു ചിത്രം.
(കച്ചവടസാദ്ധ്യത കണ്ടറിഞ്ഞ് ഫാഷൻ ഡിസൈനിംഗ് രംഗത്തു പ്രവർത്തിയ്ക്കുന്ന ബുദ്ധിശാലികൾ വിവിധ നാമധേയങ്ങൾ ഡിസൈനുകൾക്കു നൽകി വിളിച്ചുവരുന്നു.)
മരണവീട്ടിലെ സ്ത്രീ ചമഞ്ഞിരിയ്ക്കേണ്ടതില്ല. എന്നാൽ, മറ്റെല്ലാ സ്ത്രീകളും അപ്രകാരമാകേണ്ടതുണ്ടോ?
ആപത്തു സംഭവിയ്ക്കുന്നത് അവിചാരിതമാണ്.
എന്നുവെച്ച്, മാറിലേയ്ക്കൊരു തോർത്തുമുണ്ടെങ്കിലും വാരിയിട്ട് ഓടിയെത്തുന്ന സ്ത്രീകൾ നമ്മുടെ മുൻകാല ഓർമ്മകളിലെങ്കിലും ഉണ്ടാകും!
ഇന്ന് ആശുപത്രികളിൽ രോഗികൾക്കൊപ്പമെത്തുന്ന സ്ത്രീകളുടെ അനാരോഗ്യകാഴ്‌ചകൾ അതാണോ സമ്മാനിയ്ക്കുന്നത്?
കാര്യം, തലയിലൂടെ പെട്ടെന്ന് ‘വലിച്ചിടാനും’ അതുപോലെ തന്നെ ‘മേല്പോട്ടൊന്ന് പൊക്കാനും’ വളരെ സൗകര്യമാണെന്നു പറയേണ്ടതില്ല. മുസ്ലീം സമുദായത്തിലെ വസ്ത്രധാരണത്തിലുള്ള നിഷ്‌കർഷ ബഹുമാനപൂർവം ഇവിടെ ചേർത്തുവായിയ്ക്കേണ്ടതുണ്ട്.
വലിച്ചിടാനും മേല്പോട്ടു പൊക്കാനുമുള്ള, മേല്പറഞ്ഞ സൗകര്യം ഭർത്താവിന്റെ മുന്നിൽ മതിയല്ലോ.
അതു പറയുമ്പോൾ ചിലപ്പോൾ ചില മുസ്ലീം വനിതകളും സ്ത്രീവിമോചകരും മനുഷ്യാവകാശപ്രവർത്തകരും മറ്റും അങ്കം കുറിച്ചെന്നു വരാം.
കണ്ണുകൾക്കു മാത്രമായി രണ്ടു ദ്വാരങ്ങളിട്ട്, അടിമുടി മൂടിയ കറുത്ത ട്യൂബ് ധരിയ്ക്കണമെന്നല്ല, ഉദ്ദേശിച്ചത്.
അപ്രകാരം ധരിച്ചുനടക്കണമെന്നുള്ളവർക്ക് അങ്ങനെ നടക്കാനുള്ള സ്വാതന്ത്ര്യം ധാരാളം നമ്മുടെ നാട്ടിലുണ്ട്.
ഏതൊരാളുടേയും ആഭിജാത്യം വ്യക്തമാക്കുന്നത്, അയാളുടെ first look (appearance) അഥവാ പ്രഥമദൃഷ്ടിയിലാണെന്നത് ഓർക്കേണ്ടതാണ്.
ചോളിയും ചുരിദാറും സാൽവാർ കമ്മീസുമൊക്കെ മാറു മറയ്ക്കാനുള്ള ഷാൾ/ദുപ്പട്ടയും കൂടെ ചേർത്തുകൊണ്ടുള്ളതാണ്. പക്ഷേ, ഏതെങ്കിലും സിനിമാതാരം ആ ദുപ്പട്ട കഴുത്തിൽ ചുറ്റിയതുകൊണ്ടോ, പൂണൂൽ പോലെ ധരിച്ചതുകൊണ്ടോ, അപ്രകാരം പ്രത്യക്ഷപ്പെടണമെന്നതായി ഫാഷൻ.
നമ്മുടേത് അനുകരണമാണെങ്കിൽപ്പോലും, വിദേശരാജ്യങ്ങളിൽ റിട്ടയർമെന്റു കഴിഞ്ഞ അമ്മമാരെ അല്ലെങ്കിൽ മുത്തശ്ശിമാരെയാണ് ഈ വേഷത്തിൽ ഒരു പക്ഷേ, കാണാൻ കഴിഞ്ഞെന്നു വരിക. എന്നിരുന്നാലും, ആശുപത്രികളിൽ കിടക്കേണ്ടുന്ന സന്ദർഭത്തിലല്ലാതെ അവർ വീടിനു പുറത്തേയ്ക്കിറങ്ങുന്നുണ്ടെങ്കിൽ മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടു തന്നെയാണെന്നും കാണാം.
അതുകൊണ്ട്, മുണ്ടും ബ്ലൗസും ധരിച്ച് പഴയ കാലത്തേയ്ക്കു പോകണമെന്നല്ല വിവക്ഷ. ഉടുത്താൽ വഴുതിപ്പോകുന്ന സാരി ധരിയ്ക്കണമെന്നുമല്ല പറഞ്ഞുകൊണ്ടു വരുന്നത്. ഇന്നത്തെ സാരിയായാലും മുണ്ടായാലും ഉടുത്താൽ ഉറയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ഓർത്തിട്ടുണ്ടോ?
രണ്ടോ മൂന്നോ സോപ്പുപെട്ടി നിർമ്മിയ്ക്കാൻ വേണ്ടിവരുന്ന പ്ലാസ്റ്റിക്ക് അഥവാ പോളിയെസ്റ്റർ അതിന്റെ നൂറും ഇരുന്നൂറും അതിൽക്കൂടുതലും ഇരട്ടി പണം കൊടുത്ത് വാങ്ങി ധരിയ്ക്കാൻ തുടങ്ങിയതു മുതൽക്കാണെന്നുള്ള അറിവ്, പകിട്ടിലും പരസ്യങ്ങളിലും മോഹിതരായി പിറകോട്ടു ചിന്തിയ്ക്കാനുള്ള വിവേകം നഷ്ടപ്പെട്ടതു മുതൽ അന്യമായി.
ഒരു ജോടിയിൽ കൂടുതൽ നല്ല വസ്ത്രങ്ങൾ അലമാരിയിൽ കുത്തിനിറച്ചുവെച്ചും ഈ വേഷത്തിൽത്തന്നെ പ്രത്യക്ഷപ്പെടണമെന്നതാണ് ഇന്നു കാണുന്ന സ്ത്രീകളുടെ നഗ്നസത്യം!
വഴിയിൽ കൂടി പോകുന്ന ഏതോ ഒരു പെൺകുട്ടിയാണെങ്കിൽക്കൂടി, അവരുടെ വസ്ത്രം അസ്ഥാനത്താണെങ്കിൽ അതൊന്നു ശരിയാക്കിപ്പോകാൻ പറയാനുള്ള മാന്യത എല്ലാവർക്കുമുണ്ട്. ഒരുപക്ഷേ, അതിനു മോശം പ്രതികരണമായിരിയ്ക്കും ലഭിച്ചെന്നു വരിക. മാന്യരുടെ വ്യക്തിത്വത്തെ അത് ഒരു തരത്തിലും ബാധിയ്ക്കുന്നില്ലല്ലോ.
അതുപോലെ, മാതാപിതാക്കളോടും ചിലതു പറയേണ്ടതുണ്ട്.
ഒരു പെൺകുട്ടി പുറത്തേയ്ക്കു പോകുമ്പോൾ, അവളുടെ കാര്യത്തിൽ ഒരു കണ്ണ് തീർച്ചയായും അമ്മയ്ക്കുണ്ടാവേണ്ടതുണ്ട്. അതിന് അവരും ആദ്യം തയ്യാറാവണം. അച്ഛന്റെ മുന്നിലായാലും സഹോദരന്റെ മുന്നിലായാലും അതിഥികളുടെ മുന്നിലായാലും ധരിച്ചിരിയ്ക്കുന്ന വസ്ത്രത്തിന്റെ മാന്യത കണ്ടറിയേണ്ടതിന്റെ കർത്തവ്യം അമ്മയ്ക്കുള്ളതാണ്.
അതിനുള്ള അടുക്കും ചിട്ടയും പണ്ടേ മുത്തശ്ശിയമ്മമാർ ഒപ്പം കരുതിവെച്ചിരുന്നു.
അച്ഛന്റേയും അമ്മയുടേയും കൂടെ സ്നേഹിച്ചും ലാളിച്ചും കിടത്തിയുറക്കി ശീലമാക്കിയ ഒരു കുട്ടിയെ വളർച്ചയുടെ പടവുകൾ മനസ്സിലാക്കി മാറ്റിക്കിടത്തി പരിചയിപ്പിയ്ക്കുന്നത് തീർച്ചയായും ഒരമ്മയുടെ കരുതൽ തന്നെയാണല്ലോ.
കാലം മാറി കഥ മാറിയെന്നത് ഒരിയ്ക്കലും തിന്മയ്ക്കു കൂട്ടാവില്ല.
കഥയെത്തന്നെ മാറ്റുന്നതിൽ പെരുമാറ്റത്തോളം പങ്ക് വസ്ത്രധാരണത്തിനുമുണ്ടെന്ന് അറിയണം. അതുണ്ടായില്ലെങ്കിൽ, ബന്ധങ്ങൾ പോലും തിരുത്തപ്പെടുമെന്ന് അറിയേണ്ടി വരും, ആ അമ്മ!

________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌________________________________________________________________________



ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

‌________________________________________________________________________