Friday, 20 January 2017

ബ്ലോഗെഴുത്തുലോകം വാരം 004 രചന 10വേദാരണ്യം അദ്ധ്യായം 20: ഏഴാംപൂജ (നോവൽ)
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

ഒരു തുള്ളി വാക്ക്, ഒരു കുടം കുളിര്!
പത്മപരാഗമായി, ഉപാസന.
ധന്യമായ അനുഭൂതിയിൽ, മൺ‌ചിരാതുപോൽ മനസ്സ്...
ഏഴഴകിന്റെ മഴവിൽച്ചിത്രങ്ങളിൽ, വീർപ്പുകൾ വിനാഴിക മെല്ലെ നീങ്ങി...
ചാത്തപ്പൻ പുറം തിരിഞ്ഞു കിടന്നു. പയ്യെപ്പയ്യെ മയക്കം പിടിച്ചപ്പോൾ, പാലപ്പൂമണം ഒഴുകി വന്നു. നറുമണം പൂങ്കരളിൽ നിറഞ്ഞു മദിയ്ക്കുമ്പോൾ, വാത്സല്യപ്പൂന്തേനുമായെത്തി, മുത്ത്യമ്മ!
നിയ്യെന്തിനാ ചാത്തപ്പാ ഇങ്ങനെ പൊറം തിരിഞ്ഞ് കെടക്ക്‌ണ്?”
എന്തൊക്കെ പറഞ്ഞാ നന്നെ ഞാൻ ഇങ്ങ്ട്ട് അയച്ചത്.
ഇതിലൊന്നും മാറിനിക്കാനില്യ.
പെങ്കുട്ട്യോളായാൽ അവർക്ക് ഓരോരോ കടമകള്ണ്ട്.
ഒന്നൂല്യെങ്കിലും ഒരുമിച്ചല്ലേ നിങ്ങള് പൊറുക്കണത്.
അപ്പോ ഇങ്ങനൊക്കെത്തന്ന്യാ വേണ്ടത്.
കല്യാണം കഴിച്ചോളാൻ പറഞ്ഞില്യേ ഞാൻ?
ഇപ്പഴും അതന്യാ പറയ്‌ണ്.
അതല്ല, നണക്ക് പിടിയ്ക്ക്ണില്യാന്ന്‌ണ്ടെങ്കിൽ
അവളെ അവൾടെ പാട്ടിനങ്ങട്ട് പറഞ്ഞയച്ചോ.
അതോണ്ട് ഒരാൾക്കും ചേതം വരാനില്ലല്ലോ?”
ങ് ഹൂം...”
അനിഷ്ടം കേട്ട് ചാത്തപ്പൻ നിഷേധാർത്ഥം ഞെരങ്ങി. മറുത്തുരിയാടാൻ പേർന്നില്ല. രാവെന്നോ പകലെന്നോ ഭേദമില്ലാതെ, മുത്ത്യമ്മയെ പലവട്ടം കണ്ടു. തൊട്ടും തലോടിയും ചൊല്ലും തണലുമായി പിന്നെയും പിന്നെയും വന്നുപോയി. ചാത്തപ്പൻ കിടക്കപ്പായ വിട്ടെഴുന്നേറ്റു.
അന്നൊരു ദിവസം, അടുപ്പുങ്കണ്ണിയിൽ പെരുമാറ്റം കേട്ടാണു തമ്പുരാട്ടി ഉണർന്നത്. നേരം വെയിൽ ചാഞ്ഞിരുന്നു. ചാത്തപ്പൻ കുത്തിയിരുന്ന് അടുപ്പിൽ തീ പിടിപ്പിക്കുന്നുണ്ട്.
എന്താ അവിടെ ഒരുക്കണത്?”
കുളിയ്ക്കാൻ വെള്ളം...” അർദ്ധോക്തിയിൽ ചാത്തപ്പൻ നിറുത്തി.
വെള്ളം ചൂടാക്കണങ്കിൽ ഞാൻ ഇവിടില്യേ. പറഞ്ഞാൽപ്പോരേ. ഇനി വെറുതെയങ്ങനെ കുളിയ്ക്കണ്ട. എണ്ണ കൊണ്ടുവന്ന് വെച്ചിരിയ്ക്കണത് എന്തിനാ? ഇന്ന് എന്തായാലും തേച്ചു കുളിയ്ക്കാം.”
അതു കേട്ടപ്പോഴാണു പാറമ്മാൻ എണ്ണ തന്നയച്ചത് ഓർമ്മയിലെത്തിയത്.
എണ്ണ തേച്ചു കുളിയ്ക്കെടോ. ഒരു മനുഷ്യക്കോലം അങ്ങ്ട്ട് വരട്ടെ.”
ജീവിതത്തിൽ എന്നെങ്കിലും എണ്ണ തേച്ചു കുളിച്ചിട്ടുണ്ടോ? താളി പതച്ചിട്ടുണ്ടോ?
ഇല്ല!!
ആണായിപ്പിറന്ന പണിമക്കൾക്കെന്നും പണിക്കോലം കെട്ടാനാണു വിധി. കളിമ്പം മാറാത്ത പെൺകിടാങ്ങൾക്ക് അതിനുള്ള ഔദാര്യമുണ്ട്.
തേയ്ക്കാൻ എണ്ണയും തേച്ചുകുളിയ്ക്കാൻ ഇഞ്ചയും. കൊണ്ടുവരുന്നതു കാര്യസ്ഥൻ. കാര്യസ്ഥനും ഉണ്ടൊരു കാര്യം!
ഇഞ്ചപ്പുല്ലിൻ പരിമളം തൂവി
എണ്ണമെഴുക്കിൽ വിരിയും തരുണം
തെള്ളിനടക്കും പെണ്ണടയാളം
അവളുടെ കളിയുടെ, ചിരിയുടെ ഹേതു
പകലൊളി പോലെ തെളിയണ ചിത്രം
ചക്കി തെരണ്ടതും കുളിച്ചതും ആരും അറിഞ്ഞില്ല. അറിയിയ്ക്കാതെ, പ്രകൃതം പുറമേയ്ക്കെടുക്കാതെ കൊണ്ടുനടക്കുകയായിരുന്നു. ചാഞ്ഞും ചരിഞ്ഞുമുള്ള കാകനോട്ടത്തിൽ വേശാറെടുത്ത തള്ളക്കോഴി മുന്നും പിന്നും തെരിപ്പിറങ്ങി ഓടിനടന്നു. തിന്നാൻ കൊടുക്കാതെ പഷ്‌ണിയ്ക്കിട്ടും, തിളപ്പിച്ച വെള്ളത്തിൽ പഴന്തുണി മുക്കിപ്പിഴിഞ്ഞിട്ടും, വെന്മേനാട്ട് തെങ്ങുപോലെ ചക്കിപ്പെണ്ണു മൊതച്ചു.
കിട്ടാപ്പണം, കത്തിപ്പണം, അധികാരിപ്പണം, പേറും തീനും കല്യാണം അടിയന്തിരപ്പണം പിടിയ്ക്കാൻ കച്ചേരിയിൽ നിന്നു ദൂതാൾ ഇറങ്ങിയ ഒരു ദിവസം. ഒപ്പം പാറോത്തിക്കാരനും* ഉണ്ടായിരുന്നു. പടിപ്പുര മാളികയിൽ ഉച്ചയൂണു കഴിഞ്ഞു വിശ്രമം. അധികാരിയ്ക്കു വെറ്റില കൊടുക്കാൻ ചക്കിയെ കാര്യസ്ഥൻ നായരു വന്നു കൂട്ടിക്കൊണ്ടുപോയി...
പിന്നെപ്പിന്നെ ചക്കിപ്പെങ്ങൾക്കു പാടത്തും പറമ്പിലും പണിയ്ക്കു പോകേണ്ടി വന്നിട്ടില്ല. ഉച്ചയ്ക്കോ രാത്രിയിലോ എപ്പോഴാണു വന്നു വിളിയ്ക്കുന്നതെങ്കിൽ കൂടെപ്പോയാൽ മതി. എണ്ണയും താളിയും ദിനവും തേച്ചുകുളിച്ച് ചക്കി ഒരു എണ്ണമയിലിയായി... പെണ്ണായിപ്പിറന്നവൾ മകളായാലും മരുമകളായാലും തേച്ചുകുളിച്ചു വേണം വെറ്റില മുറുക്കാൻ കൊടുക്കുന്നത്...
കുളി തെറ്റിയ പെണ്ണിന്റെ അടിവയറ്റിലാണു ചവിട്ടിയത്: ഒറ്റച്ചവിട്ട്!
കരു കലങ്ങി രക്തസ്രാവം നിലയ്ക്കാതെ, കൂട്ടിപ്പിടിച്ച വേദനയിൽ കുടിയ്ക്കുള്ളിൽ ചുരുണ്ടുകിടന്നു ചത്തു. പിന്നീടാരും ചക്കിയെ തിരക്കി വന്നില്ല! നൊന്തുപെറ്റ വയറ്റിലെ തീ മാത്രം അണഞ്ഞില്ല...
ഓർക്കുമ്പോളോർക്കുമ്പോൾ ഉതിർന്നു വീണ വ്യസനങ്ങളെല്ലാം ഒച്ചയില്ലാത്ത കണ്ണോക്കായി കുടിലിനുള്ളിലമർന്നു...
ചകിരിപ്പൊളി കമഴ്‌ത്തിക്കൂട്ടി, അതിൽ ചാത്തപ്പനിരുന്നു. കുഞ്ഞിച്ചിരട്ടയിൽ തമ്പുരാട്ടി എണ്ണ പകർന്നു. അതിൽ നിന്നൊരു കുമ്പിൾ ചാത്തപ്പന്റെ നെറുകയിൽ പതച്ചു. കാടു പിടിച്ചു പരുപരുത്ത ചെമ്പൻ തലമുടി ഇരുകൈകളിലും കോതി നെറുകയിലമർത്തി.
നെറുന്തലയിലേയ്ക്കു മുടി പതുക്കെ തിരുമ്മിക്കോതി. നെറ്റിയും പുരികവും ഉഴിഞ്ഞു. കവിളും കൺതടങ്ങളും താടിയും എണ്ണ പെരുമാറി. വിരിവൊത്ത നെഞ്ചും പൃഷ്ഠവും പെരുമാറാൻ കാലൊഴക്ക് എണ്ണ വേണ്ടിവന്നു. മെരുക്കില്ലാത്ത കരുത്തിനു മീതെ മൃദുലം കൈവിരലോടുമ്പോൾ എന്തിനെന്നില്ലാതെ പെൺമനം ഈർഷ്യപ്പെട്ടു!
എണ്ണ തേച്ച കൈയൊന്നെടുത്ത് തോളിലേയ്ക്കു വെച്ചു. ഒതുക്കപ്പെടാതെ അത് തോളിൽ നിന്നു വഴുതി വീണു. വഴുതിയ കൈ നിറകുംഭമൊന്നിൽ നഖചിത്രമെഴുതി... ചൊടിച്ച മുലഞെട്ടിൽ കുളിരു വിതുമ്പി...
ഭാവം പ്രകടിപ്പിച്ചില്ല. കുന്തിച്ചിരുന്നു മുട്ടിനു താഴെ പാദങ്ങളോളം എണ്ണ തേച്ചു. വരണ്ട കാല്പാദങ്ങളിലും വിരലുകളിലും കന്നിനാഗം ഇഴഞ്ഞു നിവരുമ്പോൾ, പൊടുന്നനെയാണതുണ്ടായത്!
മുരണ്ടുണർന്ന ചാത്തപ്പൻ, ഇടംകൈ അരക്കെട്ടിൽ കുത്തിപ്പിടിച്ചു... വലംകൈയിൽ മുടിക്കെട്ടു കോർത്തു... അന്ധാളിപ്പിൽ ഞെട്ടി മലർന്നു, തമ്പുരാട്ടി മടിയിലേയ്ക്കു വീണു! മലർന്ന കന്നിയെ അരക്കെട്ടു ചുറ്റി വന്യമായ് കൂട്ടിയണച്ചു... ചൊടിച്ച മാറിലും മുഖത്തും കഴുത്തിലും അമർത്തിയമർത്തി മുഖമുരച്ചു...
ഓർക്കാപ്പുറത്തുണ്ടായ പ്രതികരണത്തിൽ തരിച്ചുകിടന്നു, തമ്പുരാട്ടി! തൊണ്ടവരണ്ടു... ചുണ്ടും മാറും വിരിഞ്ഞു... ഉള്ളറകളിലെങ്ങോ പാഞ്ഞ മിന്നൽപ്പിണരുകൾ മുലക്കണ്ണിൽ സ്ഫുരിച്ചു... കരുത്തിന്റെ കരിമ്പാറക്കെട്ടിനുള്ളിൽ പടവുകൾ പതിനെട്ടും തുടിച്ചു... സ്നേഹം ഒറുപ്പൊട്ടിക്കിനിഞ്ഞു... പിടഞ്ഞുടഞ്ഞു, ഇണയരയന്നങ്ങൾ...
എണ്ണയൊട്ടിയ മുലക്കച്ചയ്ക്കുള്ളിലൂടെ താഴേയ്ക്കിറങ്ങിയ കൈക്കരുത്തിൽ കയറിപ്പിടിച്ചു. നേരം, കാലം, ദേവഗണസാന്നിദ്ധ്യം തിരിച്ചറിഞ്ഞു മനം മനമില്ലാതെ തേങ്ങി...
“അരുത്, ചെയ്യരുത്. ത്രിസന്ധ്യയ്ക്കിതൊന്നും പാടില്ലല്ലോ...”
ചുട്ടുപൊള്ളിയ പോലെ വിട്ടു, പിടി. തിരയടങ്ങാതെ, നുരയൊഴിയാതെ... പ്രക്ഷുബ്ധതീരം, തുടിച്ചുകിടന്നു... പിടിച്ചുവാങ്ങിയ മേലാട ചുറ്റി, തമ്പുരാട്ടി മുറ്റത്തിറങ്ങി.
നേരം കരിപ്പായിത്തുടങ്ങിയിരുന്നു. മൂടിവെച്ച കുടുക്കയിൽ നിന്നു നേരിട്ടു കുറെ വെള്ളം കുടിച്ചു. പരവേശം മാറ് നനച്ചു കീഴ്‌പോട്ടൊഴുകി. കിതപ്പും വിറയലും ഒതുക്കാനേറെ ശ്രമപ്പെട്ടെങ്കിലും, മനസ്സ് ആറിത്തണുത്തില്ല...
തിരികെ വന്ന്, കുഞ്ഞൻ ചിരട്ടയിൽ ബാക്കിയുണ്ടായിരുന്ന എണ്ണ നെറുകയിൽ കമഴ്‌ത്തി. മുടിയിഴകൾ മേല്പോട്ടു കുത്തിപ്പൊക്കി കോതിയിറക്കി. കേശഭാരം വട്ടനെ നെറുകയിലേയ്ക്കു കയറ്റിക്കെട്ടി. മേത്തും പുറത്തും കൈകാലുകളിലും എണ്ണ പെരുമാറി. വേലിയിതയ്ക്കൽ നിന്നു നീരോലിയിലകൾ താളിയ്ക്ക് ഉരിഞ്ഞെടുത്തു.
മറപ്പുരയിൽ കയറി. അലക്കുകല്ലിൽ പതിച്ചമർത്തി താളി പതച്ചു. മെഴുക്കിളക്കി പച്ചവെള്ളത്തിൽ കുളിച്ചു. കുളി കഴിഞ്ഞ്, അടുപ്പത്തിരിയ്ക്കുന്ന കാഞ്ഞ വെള്ളം മൊളിയില കൂട്ടിപ്പിടിച്ചു കൊണ്ടുവന്നു. കുളിയ്ക്കാൻ പാകം ചൂടനത്തി.
അകത്ത്, ചകിരിപ്പൊളിയ്ക്കു മീതെ തല താഴ്‌ത്തിയിരിയ്ക്കുന്ന ചാത്തപ്പനെ കുളിയ്ക്കാൻ വിളിച്ചു. തല താഴ്‌ത്തി ഇരുന്നതല്ലാതെ, മിണ്ടുകയോ എഴുന്നേൽക്കുകയോ ഉണ്ടായില്ല. അരികെ ചെന്ന്, കൈ പിടിച്ച് ധിക്കരിച്ചു കൂട്ടിക്കൊണ്ടു വന്നു.
മേലും കാലും നനച്ച് നെറുകയിലൂടെ വെള്ളം പാർന്നു. പതച്ച താളിയിൽ നിന്നു കുറേശ്ശെയെടുത്തു തേച്ചിറക്കി. ജാള്യം മറയ്ക്കാനാവണം, ചാത്തപ്പൻ കണ്ണടച്ചു തല കുനിച്ചിരുന്നതേയുള്ളൂ. ഇളം ചൂടുവെള്ളത്തിൽ താളിയ്ക്കൊപ്പം വിരൽത്തളിരിൽ മെഴുക്കിളകുമ്പോൾ കാതോരം കുനിഞ്ഞ് തമ്പുരാട്ടി മധുരിച്ചു:
എന്നെ അത്രയ്ക്കിഷ്ടാണോ?”
ഉടലും ഉയിരും കോൾമയിർ കൊണ്ടു. ഉള്ളോളം വീണു നനഞ്ഞ, വാക്കിന്റെ പുതുമയിൽ കുഞ്ഞാറ്റക്കിളി കുടഞ്ഞു തുടിച്ചു. മുള പൊട്ടുന്ന ചിറകുമായി ആകാശവട്ടം നോക്കി വീർപ്പുമുട്ടി... അഴുക്കും മെഴുക്കും കഴുകിക്കളയുമ്പോൾ അരുമയിൽ കാതരികിൽ കിളി, കൊഞ്ചിനിറഞ്ഞു...
അത്രയ്ക്കിഷ്ടാണെങ്കിൽ ന്നെ വേളി കഴിച്ചൂടേ?"
കുളി കഴിഞ്ഞു തരളപ്പെട്ടും കുളിരിൽ മുങ്ങിനിവർന്നും നെടുവീർപ്പിട്ടു, ചാത്തപ്പൻ. തുവർത്തു മുണ്ടെടുത്തു തല തുവർത്തിക്കൊടുക്കുമ്പോൾ ഉള്ളുണർത്തിയ സ്നേഹം ആത്മഗതമായി ഇറ്റി നിന്നു:
“ഇപ്പോ വേണ്ട... വെളുപ്പിന്** കുളി കഴിഞ്ഞിട്ടു മതി...”
യാതൊന്നിനും മറുപടിയുണ്ടായില്ല. അഴുക്കൊഴിഞ്ഞ്, മെഴുക്കൊഴിഞ്ഞ് മൃദുത്വമണിഞ്ഞ മനസ്സ് സസുഖം അപ്പൂപ്പൻതാടി പോലെ ഒഴുകി. ചാത്തപ്പൻ അന്ന് ഉറങ്ങിയതുമില്ല. കണ്ണുകൾ മൂടിക്കിടന്നിട്ടും നിദ്ര വന്നില്ല, അനുഗ്രഹിച്ചില്ല. ശ്വാസമടക്കി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ, എപ്പോഴോ, അറിയാതൊന്നു തൊട്ടു!
തൊട്ടതും വിരൽത്തുമ്പു ചുട്ടു... വിരൽത്തെറ്ററിഞ്ഞ് കൈ പിൻവലിച്ചു. കൈയെടുത്ത് തെല്ലുനേരം കഴിഞ്ഞിട്ടും തുടിപ്പാറിയില്ല! ശ്രുതിയറിഞ്ഞ വിരലുകൾ വർണചിത്രശലഭമായ് തത്തിത്തത്തി നിന്നു... വിളിപ്പുറത്ത്, കാണാമറയത്ത് അമ്പലപ്രാവുകൾ കുറുകി... കണ്ണുകൾ ഇറുക്കിയടച്ചിട്ടും കാതുകൾ തുറന്നേ കിടന്നു... ഹൃദയരാഗമുണർന്നു...
അലസമായ് ഇടംകൈ നീട്ടി...
മലർന്നു കിടന്ന കൈവെള്ളയിൽ വീണ്ടും വിരലാലൊന്നു തൊട്ടു...
തൊട്ടതും, കൈവിരലിളകി!
വെറുതെ വീണ്ടുമൊന്നു വലിച്ചു. ഒരു മൗനം ബാക്കിയായി നിന്നു. തിരികെയെടുക്കുന്തോറും അടുത്തു വന്നു...
വിരൽത്തുമ്പു ചാലിച്ച ഹരിചന്ദനം കുളിരായി ഉയിരിൽ നിറഞ്ഞു. ഓരോന്നോരോന്നായ് വിരൽത്തുമ്പെടുത്തു...
തൊട്ടും തലോടിയും നോവാതെ നോവിച്ചും മുറുകെ കോർത്തുകിടന്നു...
രണ്ടാമത്തെ കോഴി കൂവിയപ്പോൾ തമ്പുരാട്ടി ഉറക്കമുണർന്നു. ചാത്തപ്പനുള്ള വെള്ളം അടുപ്പത്തു വെച്ച്, കുളിയ്ക്കാൻ മറപ്പുരയിൽ കയറി. പതിവുകൾ തെറ്റിച്ച് ചാത്തപ്പൻ മൻന്നിക്കര നോക്കി നടന്നു. പുത്തൻകലങ്ങൾ തലയിലേന്തി പെണ്ണുങ്ങൾ വഴി മുറിഞ്ഞു ചൂട്ടു വീശി വരുന്നുണ്ടായിരുന്നു. അവരുടെ കൺവെട്ടത്തു നിന്നു വഴിമാറി, കുളത്തിലിറങ്ങി വെക്കം കുളിച്ചു.
ബ്രാഹ്മമുഹൂർത്തത്തിൽ ഗുരുവായൂരമ്പലം വാകച്ചാർത്തിനു തുറന്നു. ശംഖൊലി മുഖരിതം ശ്രീകൃഷ്‌ണഗീതികളിൽ മഞ്ജുളാൽശിഖരമുണർന്നു. കുളി കഴിഞ്ഞീറനോടെ ഗായത്രിമന്ത്രമുരുവിട്ട് തമ്പുരാട്ടി കിഴക്കു തൊഴുതു. ഭാഗ്യസൂക്തം ചൊല്ലി തുളസീതീർത്ഥമായി മുറ്റത്തു വന്നതും അത്ഭുതം കൂറി...
ശൂന്യം: തുളസിമാടം!
ചുറ്റിനും തിരിഞ്ഞു നോക്കി. എങ്ങുമില്ല! വീണ്ടും അകത്തുപോയി കിടന്നിരിയ്ക്കുമോയെന്നു സംശയിച്ചു നിന്ന തമ്പുരാട്ടിയുടെ മുന്നിലേയ്ക്ക് ഈറനോടെ ചാത്തപ്പൻ ഇറങ്ങിവന്നു. നേർക്കുനേർ കൺമുന്നിൽ നിന്നു. മുഖത്തുനോക്കി മിഴിച്ചുനിന്ന തമ്പുരാട്ടിയുടെ കഴുത്തിൽ നൂലിൽക്കോർത്ത തിരുമാംഗല്യം ചാർത്തി!!
അനുരാഗമധുരമായ് കുളിർതെന്നൽ വലം വെച്ചു... നക്ഷത്രദീപങ്ങളായിരം സാക്ഷിയായി... കാത്തുവെച്ച പൂന്തോട്ടം ചെറുകാറ്റിലിളകി. ഉടലുണർന്ന കുളിരിൽ കോരിത്തരിച്ചു! ഹൃദയമൊരു മൺവീണയായി...
“മാംഗല്യം തന്തു നാനേന
മമ ജീവൻ ഹേതുനാ
കണ്ഠേ ബന്ധാമി ശുഭകേ
ത്വം ജീവ ശാശ്വതം ശതം“
അനേകനാവിലുണർന്ന മംഗളമന്ത്രം അകതാരിൽ പ്രതിധ്വനിച്ചു. കണ്ണീരടർന്നു വീണു... കൈക്കുമ്പിളിൽ നിന്നൂർന്ന തീർത്ഥത്തിനൊപ്പം തമ്പുരാട്ടി പാദനമസ്‌കാരം ചെയ്തു. ജീവിതപുണ്യമായി സൂക്ഷിച്ച വ്രതശുദ്ധിയെല്ലാം പാദങ്ങളിൽ സമർപ്പിച്ചു. ഇരുകൈകളും കൂട്ടിത്തൊഴുതു. കടപ്പാടിൽ മുട്ടി ഹൃദയം കരഞ്ഞു... ഇരുകൈകളിലുമെടുത്ത മംഗല്യസൂത്രം കൺകളിൽ ചേർത്തു ചുംബിച്ചു...

ചാത്തപ്പൻ അകത്തേയ്ക്കു തിരിഞ്ഞു. വലംകാൽ വെച്ച് ഒപ്പം തമ്പുരാട്ടിയും പ്രവേശിച്ചു. മുഷിഞ്ഞു കത്തുന്ന അടുപ്പിലേയ്ക്കൊരു കൊതുമ്പു തിരുകിവെച്ച് തമ്പുരാട്ടി നേർമുന്നിൽ വന്നു... ഈറനഴിച്ചു മാറ്റി. നിർവികാരചിത്തനായ ചാത്തപ്പന്റെ മാറിലൊരു നവമാല്യമായി ചേർന്നു നിന്നു...


നാഴികമണികൾ പടിഞ്ഞാറുണർന്നു...
കിഴക്ക്, വാഴക്കാവിലമ്പലം ഏഴാംപൂജയ്ക്ക് തിരുനട തുറന്നു...
(തുടരും)
കുറിപ്പുകൾ
* വില്ലേജ് ആപ്പീസർ
** ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാവിഷ്‌കാരങ്ങളോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണങ്ങൾ പ്രകാശിയ്ക്കുന്നു. സത്യത്തെ അറിയുവാൻ കൂടുതൽ പ്രാപ്തനാകുകയും ചെയ്യുന്നു.
_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:

_____________________________________________________________________